ന്യൂഡൽഹി: ആദ്യ ആറു ബാറ്റർമാർ രണ്ടക്കം കടക്കാതെ പുറത്തായതും, പവർ പ്ലേയിലെ ഏറ്റവും മോശം റൺസ് എന്ന റെക്കോർഡും തൂക്കി ഡൽഹി..! ഇന്ന് നടന്ന ഡൽഹി – ആർ.സി.ബി മത്സരത്തിലാണ് നാണക്കേടിന്റെ റെക്കോർഡ് ഡൽഹി എഴുതിച്ചേർത്തത്. കഴിഞ്ഞ ദിവസം പഞ്ചാബിന് എതിരെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന ടോട്ടൽ കണ്ടെത്തിയ ടീമാണ് ഇപ്പോൾ നാണക്കേട് തുന്നിച്ചേർത്തത്.
ഡൽഹിയ്ക്ക് എതിരായ മത്സരത്തിൽ ടോസ് നേടിയ ബംഗളൂരു ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വർകുമാറിന്റെ ആദ്യ ഓവർ അവസാനിക്കുമ്പോൾ തന്നെ ഒരു ബൗളിംങ് കൊടുങ്കാറ്റിന്റെ സൂചനകൾ ലഭിച്ചിരുന്നു. ആദ്യ ഓവറിൽ ഒരു റൺ സ്കോർ ബോർഡിൽ വന്നപ്പോഴേയ്ക്കും സഹിൽ പ്രകാശിനെ (0) ഭുവനേശ്വർ ക്ലീൻ ബൗൾഡ് ചെയ്ത് കഴിഞ്ഞിരുന്നു. രണ്ടാം ഓവറിൽ കെ.എൽ രാഹുലിനെയും (1), റിസ് വിയെയും(0) ഒന്നും രണ്ടും പന്തുകളിൽ വീഴ്ത്തിയ ഹൈസൽവുഡ് ഡൽഹിയെ ഞെട്ടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊട്ടടുത്ത ഓവറിൽ സ്റ്റബ്സിനെയും (5), അക്സർ പട്ടേലിനെയും (0) ദേവ് ദത്ത് പടിക്കലിന്റെയും ജിതേഷ് ശർമ്മയുടെയും, കയ്യിലെത്തിച്ച് ഭുവനേശ്വർ കുമാർ ആഞ്ഞടിച്ചു. ആറാം വിക്കറ്റായി നിതീഷ് റാണ (1) ഹൈസൽ വുഡിന് മുന്നിൽ കീഴടങ്ങിയതോടെ എട്ട് റൺ എടുത്തപ്പോഴേയ്ക്കും ആറു വിക്കറ്റുകളാണ് ഡൽഹിയ്ക്ക് നഷ്ടമായത്. ഇതിൽ ഒരാൾ പോലും രണ്ടക്കം കടന്നതുമില്ല. ആറ് ഓവർ വരുന്ന പവർ പ്ലേയിൽ 28 പന്തുകളാണ് റൺ നൽകാതെ ഹൈസൽവുഡും, ഭുവനേശ്വർകുമാറും ചേർന്ന് എറിഞ്ഞത്. ഫലമോ ആറ് ഓവറിലെ 36 പന്ത് പൂർത്തിയാകുമ്പോൾ 13 റണ്ണിന് ആറു വിക്കറ്റ് എന്ന നിലയിലായിരുന്നു ഡൽഹി. അവിടെ നിന്ന് ഡൽഹിയെ രക്ഷിച്ചത് അഭിഷേക് പോറലിന്റെയും (പുറത്താകാതെ 19), ഡേവിഡ് മില്ലറിന്റെയും (19) ബാറ്റിംങാണ്. 43 ൽ ഏഴാം വിക്കറ്റായി ഡേവിഡ് മില്ലർ പുറത്തായി എങ്കിലും ഏറ്റവും കുറഞ്ഞ ടോട്ടൽ എന്ന നാണക്കേടിൽ നിന്ന് അഭിഷേക് ഡൽഹിയെ രക്ഷിച്ചു.

