ഓണച്ചന്തകള്‍ തുടങ്ങാനിരിക്കെ സപ്ലൈക്കോയിൽ വിലവർദ്ധന; വില കൂട്ടിയത് മൂന്ന് സബ്‌സിഡി സാധനങ്ങൾക്ക്

തിരുവനന്തപുരം: ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. സർക്കാർ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവർധിപ്പിച്ചിരിക്കുകയാണ്. 7 വർഷത്തിന് ശേഷമുള്ള നാമ മാത്ര വർധനയെന്നാണ് മന്ത്രി ജി ആർ അനില്‍ ന്യായീകരിച്ചത്.

Advertisements

കുറുവ അരിയുടെ വില 30 രൂപയില്‍ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയില്‍ നിന്ന് 29 രൂപയായി. തുവര പരിപ്പിന്‍റെ വില 111 രൂപയില്‍ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി. 27 രൂപയായിരുന്നു ഇതുവരെയെങ്കില്‍ ഇന്ന് 33 രൂപയായി ഉയർന്നു. അതേസമയം ചെറുപയറിനും വെളിച്ചെണ്ണക്കും വില കുറച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അടുത്തിടെ സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് 225 കോടി അനുവദിച്ചിരുന്നു. ഇതില്‍ 150 കോടിയാണ് കൈമാറിയത്. സപ്ലൈക്കോയുടെ ആകെ കുടിശ്ശിക 110 കോടിയാണ്. സപ്ലൈക്കോ വില കൂട്ടിയത് പർച്ചേസ് വില കൂടിയത് കൊണ്ടെന്നാണ് ഭക്ഷ്യ വകുപ്പിന്‍റെ വിശദീകരണം. വില കൂടിയ സാധനങ്ങള്‍ക്ക് ഇപ്പോഴും പൊതു വിപണിയേക്കാള്‍ 30% ത്തോളം വില കുറവ് ഉണ്ടെന്നും ഭക്ഷ്യ വകുപ്പ് പറയുന്നു.

ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയിലുണ്ടായ വര്‍ധനയ്ക്ക് അനുസരിച്ചുള്ള ക്രമീകരണമെന്നാണ് വില വര്‍ധനയെ ന്യായീകരിച്ചുള്ള ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്‍റെ മറുപടി. സപ്ലൈക്കോയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് തീരുമാനം. ഔട്ട്ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles