വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ചർച്ചകളില്‍ പുരോഗതിയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയെങ്കിലും പുതിയ നിബന്ധന മുന്നോട്ടുവെച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.ഇറാൻ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ ‘എബ്രഹാം ഉടമ്പടി’യുടെ ഭാഗമാകണമെന്നാണ് ട്രംപിന്‍റെ പുതിയ ആവശ്യം. ഹോർമുസ് കടലിടുക്ക് തുറന്നുനല്‍കുക, ഇറാൻ യുറേനിയം സമ്പുഷ്ടീകരണം പൂർണമായി ഉപേക്ഷിക്കുക, ഇറാന് നഷ്ടപരിഹാരം നല്‍കില്ല തുടങ്ങിയ കടുത്ത നിബന്ധനകള്‍ക്ക് പുറമെയാണ് ട്രംപ് പുതിയ നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
എന്താണ് എബ്രഹാം ഉടമ്പടി?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020-ല്‍ ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായിരിക്കെ ആണ് എബ്രഹാം ഉടമ്പടി കൊണ്ടുവന്നത്. ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ ചില മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ സമ്മതിച്ച, യുഎസ് മധ്യസ്ഥതയിലുള്ള കരാർ ആണിത്. യുഎഇ, ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ, കസാക്കിസ്ഥാൻ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളാണ് ഇതിനകം ഈ ഉടമ്പടിയുടെ ഭാഗമായിട്ടുള്ളത്. സൗദി അറേബ്യ, യുഎഇ, ഖത്തർ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ഭരണ നേതൃത്വവുമായി താൻ സംസാരിച്ചതായി ട്രംപ് തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനായി യുഎസ് നടത്തിയ ശ്രമങ്ങള്‍ കണക്കിലെടുത്ത് ഈ രാജ്യങ്ങളെല്ലാം ഒരേസമയം എബ്രഹാം ഉടമ്പടിയില്‍ ഒപ്പുവെക്കണമെന്നാണ് ട്രംപിന്‍റെ പുതിയ ആവശ്യം.
ഈ ഉടമ്പടിയില്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്ക് വലിയ സാമ്പത്തിക -സാമൂഹിക പുരോഗതിയാണ് ഉണ്ടായതെന്ന് ട്രംപ് അവകാശപ്പെട്ടു. ഉടമ്പടി വിപുലീകരണത്തിന് സൗദി അറേബ്യയും ഖത്തറും ഉടൻ ഒപ്പുവെച്ചുകൊണ്ട് തുടക്കം കുറിക്കണമെന്നും മറ്റ് രാജ്യങ്ങള്‍ അത് പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, പലസ്തീൻ പ്രശ്നത്തിന് വ്യക്തമായ ‘ദ്വിരാഷ്ട്ര പരിഹാരം’ ഉണ്ടായാല്‍ മാത്രമേ എബ്രഹാം ഉടമ്പടിയുടെ ഭാഗമാകൂ എന്ന് സൗദി നേരത്തെ ട്രംപിനെ അറിയിച്ചിരുന്നു. ഉടമ്പടിയുടെ ഭാഗമാകാൻ ഇറാനോടും ട്രംപ് ആവശ്യപ്പെട്ടു. ഒന്നുകില്‍ എല്ലാവർക്കും ലാഭകരമായ വലിയൊരു കരാർ, അല്ലെങ്കില്‍ വീണ്ടും ശക്തമായ യുദ്ധമുഖത്തേക്ക് എന്ന കടുത്ത മുന്നറിയിപ്പും ട്രംപ് നല്‍കുന്നു.
യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ യുഎസ് – ഇറാൻ സമാധാന കരാർ സംബന്ധിച്ച് ശുഭപ്രതീക്ഷ നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ നീക്കം. ദില്ലി സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിച്ച റൂബിയോ, മണിക്കൂറുകള്‍ക്കകം ഒരു ശുഭവാർത്ത പ്രതീക്ഷാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രചാരണങ്ങളെ ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗായി തള്ളി. വെടിനിർത്തല്‍ തുടരുകയാണെങ്കിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തില്‍ ഇറാന്റെ നിയന്ത്രണം തുടരുകയാണ്. ഇറാന്റെ തുറമുഖങ്ങള്‍ ഉപരോധിച്ച് യുഎസ് നാവികസേനയും രംഗത്തുണ്ട്. പുതിയ നിബന്ധനകള്‍ മിഡില്‍ ഈസ്റ്റിലെ സമാധാന ചർച്ചകളെ എങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.


