തിരുവനന്തപുരം: കാട്ടാക്കട പുഴനാട്ട് നവജാത ശിശുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ മാതാവായ ഷംന (21)യെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ കഴുത്ത് ബ്ലേഡുകൊണ്ട് മുറിക്കുകയും തുടർന്ന് മുഖത്ത് അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് ഷംന ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഞായറാഴ്ചയാണ് ഷംന വീട്ടില്‍ പ്രസവിച്ചത്. ഭർത്താവ് അല്‍ത്താഫിന് ഇറച്ചിക്കടയിലാണ് ജോലി. മൂന്ന് വർഷം മുമ്പാണ് ഇവരുടെ വിവാഹം. ഇവർക്കു രണ്ടുവയസ്സുള്ള മറ്റൊരു കുഞ്ഞുമുണ്ട്. ഒരുകുഞ്ഞിനെ തന്നെ നോക്കാൻ പ്രയാസമുണ്ടെന്നും അതിനാലാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.
ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അല്‍ത്താഫ് ജോലികഴിഞ്ഞ് ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തുമ്പോള്‍ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാനായി അല്‍ത്താഫും ബന്ധുവും ചേർന്ന് ഷംനയെ എടുത്ത് ഓട്ടോറിക്ഷയില്‍ കയറ്റി. തുടർന്ന് ഷംനയുടെ ചെരുപ്പെടുക്കാനായി അല്‍ത്താഫ് മുറിയില്‍ കയറിയപ്പോഴാണ് കട്ടിലിനടിയില്‍ രക്തം പുരണ്ട തുണിയില്‍ ചോരക്കുഞ്ഞിനെ കണ്ടത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടതിനെ തുടർന്ന് ഡോക്ടറാണ് പൊലീസില്‍ വിവരം അറിയിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാര്യ ഗർഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് അല്‍ത്താഫിന്റെ മൊഴി. സംഭവത്തെ തുടർന്ന് പൊലീസിന്റെ നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടർന്നിരുന്ന ഷംനയെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ ഉടൻ കസ്റ്റഡില്‍ വാങ്ങുമെന്ന് ആര്യങ്കോട് എസ്‌എച്ച്‌ഒ കെ.പി.വിനോദ് പറഞ്ഞു.

