കറാച്ചി : ട്വൻ്റി – 20യില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി പാക് താരം ബാബർ അസം. ടി-20യില്‍ 12,000 റണ്‍സ് പൂർത്തിയാക്കിയാണ് ബാബർ പുതിയ റെക്കോർഡിട്ടത്. ടി-20യില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമായും ബാബർ മാറി. 338 മത്സരങ്ങളില്‍ നിന്നുമാണ് ബാബർ ഈ നേട്ടം കൈവരിച്ചത്.
വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് തകർത്താണ് ബാബറിന്റെ മുന്നേറ്റം. 343 മത്സരങ്ങളില്‍ നിന്നുമാണ് ഗെയ്ല്‍ 12,000 റണ്‍സ് നേടിയത്. കുട്ടിക്രിക്കറ്റില്‍ 12,000 റണ്‍സ് നേടുന്ന രണ്ടാമത്തെ പാക് താരമാണ് ബാബർ. 13,571 റണ്‍സ് നേടിയ ഷൊയ്ബ് മാലിക്കാണ് ആദ്യമായി ഈ നേട്ടം കൈവരിച്ച പാക് താരം. ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഷൊയ്ബ് മാലിക്കാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാകിസ്താൻ സൂപ്പർ ലീഗില്‍ പെഷവാർ സാല്‍മിക്ക് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ഈ നേട്ടത്തിലെത്തിച്ചത്. കറാച്ചി കിങ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 51 പന്തില്‍ പുറത്താവാതെ 87 റണ്‍സ് നേടിയാണ് പാക് ക്യാപ്റ്റൻ കൂടിയായ ബാബർ തിളങ്ങിയത്. 10 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
മത്സരത്തില്‍ 159 റണ്‍സിന്റെ കൂറ്റൻ വിജയമാണ് ബാബർ അസമും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പെഷവാർ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്ന കറാച്ചി കിങ്സ് 87 റണ്‍സിന് പുറത്തായി. പെഷവാറിന് വേണ്ടി കുശാല്‍ മെൻഡീസ് സെഞ്ച്വറി നേടി. 52 പന്തില്‍ 109 റണ്‍സാണ് താരം നേടിയത്.
ബൗളിങ്ങില്‍ ഇഫ്തിക്കർ അഹമ്മദ്, നഹിദ് റാണ, സൂഫിയാൻ മുഖീം എന്നിവർ മൂന്ന് വീതം വിക്കറ്റുകളും ഷോരിഫുല്‍ ഇസ്ലാം ഒരു വിക്കറ്റും നേടിയപ്പോള്‍ കറാച്ചി തകർന്നടിയുകയായിരുന്നു.

