ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയക്കുതിപ്പിനു ബ്രേക്കിടാന്‍ നിലവിലെ ചാംപ്യന്മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനുമായില്ല.തുടര്‍ച്ചയായ നാലാം ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് റിയാന്‍ പരാഗിന്റെ പിങ്ക് ആര്‍മി. ആര്‍സിബിക്കെതിരേ ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് റോയല്‍സ് സ്വന്തമാക്കിയത്.
ആര്‍സിബിയാവട്ടെ രണ്ടു തുടര്‍ ജയങ്ങള്‍ക്കു ശേഷം സീസണിലെ ആദ്യ പരാജയം രുചിക്കുകയും ചെയ്തു. 202 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് റോയല്‍സിനു ആര്‍സിബി നല്‍കിയത്. വണ്ടര്‍കിഡായ വൈഭവ് സൂര്യവംശി വീണ്ടും ബാറ്റിങില്‍ കൊടുങ്കാറ്റായപ്പോള്‍ (26 ബോളില്‍ 78) റോയല്‍സിന്റെ ജയം എളുപ്പമായി. 18 ഓവറില്‍ നാലു വിക്കറ്റുകള്‍ക്കു അവര്‍ വിജയത്തിലേക്കു കുതിച്ചെത്തി. എട്ടു ഫോറും ഏഴു കൂറ്റന്‍ സിക്‌സറുമുള്‍പ്പെട്ടതാണ് വൈഭവിന്റെ ഇന്നിങ്‌സ്. ഫിഫ്റ്റിയിലെത്താന്‍ വെറും 15 ബോള്‍ മാത്രമേ താരത്തിനു വേണ്ടി വന്നുള്ളൂ. ഈ സീസണില്‍ രണ്ടാം തവണയാണ് ഇത്രയും ബോളില്‍ 15 കാരന്‍ ഫിഫ്റ്റി തികച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈഭവിനെ കൂടാതെ മൂന്നാം നമ്പറിലെത്തിയ ധ്രുവ് ജുറേലും (81*) കിടിലന്‍ ഇന്നിങ്‌സുമായി റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 43 ബോളില്‍ എട്ടു ഫോറും മൂന്നു സിക്‌സറുമടക്കമാണിത്. വൈഭവ് തുടങ്ങി വച്ച ഇടത്തു നിന്നാണ് ജുറേല്‍ ദൗത്യം ഏറ്റെടുത്ത് ടീമിനെ വിജയതീരത്ത് എത്തിച്ചത്. രണ്ടാം വിക്കറ്റില്‍ വൈഭവ്- ജുറേല്‍ സഖ്യം 37 ബോളില്‍ വാരിക്കൂട്ടിയ 108 റണ്‍സാണ് റോയല്‍സിന്റെ ജയത്തിനു അടിത്തറയിട്ടത്.
പട നയിച്ച് പാട്ടിധാര്‍
ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രജത് പാട്ടിധാറിലേറിയാണ് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എട്ടു വിക്കറ്റിനു 201 റണ്‍സെന്ന മികച്ച ടോട്ടലിലത്തെിയത്. 63 റണ്‍സടിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്. 40 ബോളുകള്‍ നേരിട്ട പാട്ടിധാറിന്റെ ഇന്നിങ്‌സില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടിരുന്നു. ആര്‍സിബി നിരയില്‍ മറ്റാരും തന്നെ 35 റണ്‍സ് തികച്ചില്ല. വിരാട് കോലി (32), ബാറ്റിങ് തകര്‍ച്ചയെ തുടര്‍ന്ന് ഇംപാക്‌ട് പ്ലെയറായി ഈ സീസണിലെ ആദ്യ മല്‍സരം കളിച്ച വെങ്കടേഷ് അയ്യര്‍ (29*), റൊമാരിയോ ഷെപ്പേര്‍ഡ് (22) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
വന്‍ ഷോക്കോടെയായിരുന്നു ആര്‍സിബിയുടെ തുടക്കം. വമ്പനടിക്കാരനായ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ജോഫ്ര ആര്‍ച്ചര്‍ മടക്കിയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കോലി- രജത് പാട്ടിധാര്‍ സഖ്യം 17 ബോളില്‍ 45 റണ്‍സുമായി ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. പക്ഷെ ദേവ്ദത്തിനെ (14) മടക്കി ആര്‍ച്ചര്‍ റോയല്‍സിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി.
പിന്നീട് ആര്‍ബി ഇന്നിങ്‌സില്‍ മികച്ച കൂട്ടുകെട്ടുകളൊന്നു കണ്ടില്ല. കൃത്യമായ ഇടവേളകളില്‍ അവരുടെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. 11ാം ഓവറില്‍ ആറാമനായി ടിം ഡേവിഡ് മടങ്ങുമ്പോള്‍ ആര്‍സിബി ആറിന് 94. ഇതോടെ അവരുടെ ടോട്ടല്‍ 150 പോലും കടക്കുമോയെന്നു സംശയിച്ച നിമിഷം.
അവിടെയാണ് പാട്ടിധാര്‍ ടീമിന്റെ രക്ഷകനായത്. ഏഴാം വിക്കറ്റില്‍ റൊമാരിയോ ഷെപ്പേര്‍ഡിനൊപ്പം 18 ബോളില്‍ 31ഉം അടുത്ത വിക്കറ്റില്‍ വെങ്കടേഷിനൊപ്പം 19 ബോളില്‍ 41ഉം റണ്‍സ് ക്യാപ്റ്റന്‍ കൂട്ടിച്ചര്‍ത്തതോടെ ആര്‍സിബി 180 പ്ലസ് ടോട്ടലും ഉറപ്പിക്കുകയിരുന്നു.
അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ ഭുവനേശ്വറിനൊപ്പം വെങ്കടേഷ് 17 ബോളില്‍ 35 റണ്‍സെടുത്തതോടെ ആര്‍സിബി 200 പ്ലസ് റണ്‍സും കുറിക്കുകയായിരുന്നു. മഴയെ തുടര്‍ന്ന് അര മണിക്കൂറിലേറെ വൈകി തുടങ്ങിയ മല്‍സരത്തില്‍ ടോസിനു ശേഷം റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, നേരത്തേ ഹോംഗ്രൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുക്കിയാണ് റോയല്‍സ് സീസണ്‍ ആരംഭിച്ചത്. തീര്‍ത്തും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിനായിരുന്നു ആര്‍ആറിന്റെ വിജയം.
രണ്ടാം റൗണ്ടില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍സിനെതിരേ ആറു റണ്‍സിന്റെ ത്രില്ലിങ് വിജയവും അവര്‍ പിടിച്ചെടുത്തു. അവസാന കളിയില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയും റോയല്‍സ് വെറുതെവിട്ടില്ല. 27 റണ്‍സിന്റെ വിജയമാണ് അവര്‍ ആഘോഷിച്ചത്.
മറുഭാഗത്തു ആര്‍സിബിയാവട്ടെ കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്ന് തന്നെയാണ് സീസണ്‍ ആരംഭിച്ചത്. കിരീടം നിലനിര്‍ത്താന്‍ തങ്ങള്‍ തയ്യാറാണെന്ന മുന്നറിയിപ്പ് കൂടി എതിരാളികള്‍ക്കു അവര്‍ നല്‍കി.
ആദ്യ മാച്ചില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ടു വിക്കറ്റിനു തകര്‍ത്താണ് ആര്‍സിബി അക്കൗണ്ട് തുറന്നത്. രണ്ടാമത്തെ മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും അവര്‍ കശാപ്പ് ചെയ്തു. 43 റണ്‍സിന്റെ ആധികാരിക വിജയമാണ് ആര്‍സിബി കൈക്കലാക്കിയത്.

