കോട്ടയം : അയർക്കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. കേസില്‍ നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. മറ്റപ്പള്ള സ്വദേശികളായ തോമസ് ഏബ്രഹാം (50), ഭാര്യ ജോസ്ന (43), മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ പല ദിവസങ്ങളിലായി മരണമടയുകയായിരുന്നു.
കുടുംബത്തിന്റെ മരണമൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായി അന്വേഷിക്കും. ജോസ്ന ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നും വിവരമുണ്ട്. അഞ്ച് ബാങ്കുകളിലായി ജോസ്നയ്ക്ക് വിവിധ അക്കൗണ്ടുകളുണ്ട്. ഇതിലെ ഇടപാടുകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ജോസ്നയുടെ അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തും. ചെക്ക് ഉപയോഗിച്ചാണ് തുക പിൻവലിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്ത് ലക്ഷം രൂപയുടെ സ്വർണപ്പണയ വായ്പ ജോസ്ന അടുത്ത കാലത്തായി എടുത്തിരുന്നു. എന്നാല്‍ അന്വേഷണസംഘം വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആഡംബര വസ്തുക്കളോ ആഭരണങ്ങളോ കണ്ടെത്താനായിട്ടില്ല.
ചിട്ടിയുടെ പേരില്‍ പലരില്‍ നിന്നായി ജോസ്ന പണം കടം വാങ്ങിയിരുന്നു. എന്നാല്‍ ഈ പണം ചെലവഴിച്ചത് എങ്ങനെയെന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ മാസം 13ന് ആയിരുന്നു കളനാശിനി കഴിച്ച് കുടുംബത്തിന്റെ ആത്മഹത്യ ശ്രമം. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു.


