ഹൈദരാബാദ്: ഐപിഎല്ലിലെ വിസ്മയ ബാലൻ വൈഭവ് സൂര്യവംശിയുടെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വാക്പോര്.സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ വൈഭവ് പുറത്തായതോടെയാണ്, മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ തന്റെ ‘സിദ്ധാന്തം’ ശരിയാണെന്ന് വാദിച്ച് രംഗത്തെത്തിയത്.
എന്താണ് ഇർഫാൻ പത്താന്റെ ‘സിദ്ധാന്തം’?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ തുടങ്ങിയ ലോകോത്തര ബൗളർമാരെ അനായാസം ബൗണ്ടറി കടത്തുന്ന 15 വയസ്സുകാരനായ വൈഭവ്, അധികം അറിയപ്പെടാത്ത ബൗളർമാർക്ക് മുന്നില്‍ പതറുന്നു എന്നതായിരുന്നു പത്താന്റെ നിരീക്ഷണം. കഴിഞ്ഞ ഏപ്രില്‍ 10-ന് എക്സില്‍ (X) പങ്കുവെച്ച പോസ്റ്റില്‍ വൈഭവ് മനഃപൂർവ്വം വലിയ ബൗളർമാരെ ലക്ഷ്യം വയ്ക്കുകയാണോ എന്ന് പത്താൻ സംശയം പ്രകടിപ്പിച്ചിരുന്നു.
തിങ്കളാഴ്ച സണ്‍റൈസേഴ്സിന്റെ യുവ താരം പ്രഫുല്‍ ഹിംഗെയ്ക്ക് മുന്നില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായതോടെ “അപ്പോള്‍ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള എന്റെ സിദ്ധാന്തം തെറ്റല്ല എന്ന് പത്താൻ വീണ്ടും കുറിച്ചു. എന്നാല്‍, താരത്തെ പിന്തുണച്ചും പത്താനെ വിമർശിച്ചും ആരാധകർ കമന്റ് ബോക്സില്‍ ചേരിതിരിഞ്ഞു.
പ്രഫുല്‍ ഹിംഗിന്റെ ‘മാന്ത്രിക’ ഓവർ; പതറി രാജസ്ഥാൻ റോയല്‍സ്
ഓറഞ്ച് ക്യാപ് സ്വന്തമാക്കി ബാറ്റിംഗ് വെടിക്കെട്ട് തുടരുകയായിരുന്നു രാജസ്ഥാൻ ഓപ്പണർ വൈഭവ് സൂര്യവംശി. ജോഷ് ഹേസല്‍വുഡ് ഉള്‍പ്പെട്ട ബാംഗ്ലൂർ ബോളിംഗ് നിരയെ തകർത്തെറിഞ്ഞ (26 പന്തില്‍ 78 റണ്‍സ്) വൈഭവിന് പക്ഷെ ഹൈദരാബാദിന്റെ പ്രഫുല്‍ ഹിംഗെയ്ക്ക് മുന്നില്‍ പിഴച്ചു.
പ്രഫുല്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ വലിയ ഷോട്ടിന് മുതിർന്ന വൈഭവ് സലിലിന്റെ കൈകളില്‍ ഒതുങ്ങി.വൈഭവിന് പിന്നാലെ ധ്രുവ് ജൂറലിനെയും ലുവാൻ ഡ്രെ പ്രെട്ടോറിയസിനെയും പുറത്താക്കി പ്രഫുല്‍ ഹിംഗെ രാജസ്ഥാനെ ഞെട്ടിച്ചു. ആദ്യ ഓവർ അവസാനിക്കുമ്പോള്‍ 1 റണ്ണിന് 3 വിക്കറ്റ് എന്ന ദയനീയ നിലയിലായിരുന്നു രാജസ്ഥാൻ റോയല്‍സ്.
14 കോടിയിലധികം രൂപയ്ക്ക് ടീമിലെത്തിയ പ്രമുഖ താരങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയപ്പോള്‍, 30 ലക്ഷം രൂപയുടെ അടിസ്ഥാന വിലയ്ക്ക് ടീമിലെത്തിയ പ്രഫുല്‍ ഹിംഗെ ഒറ്റ മത്സരം കൊണ്ട് ഹൈദരാബാദിന്റെ ഹീറോയായി മാറി.

