തിരുവനന്തപുരം: തമിഴ്നാട് പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ മരിച്ച സംഭവത്തില്‍ അതീവ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തില്‍ അനുശോചിച്ച മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും അറിയിച്ചു. വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണ്.പരിക്കേറ്റവർക്ക് ആവശ്യമെങ്കില്‍ മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സർക്കാർ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാല്‍പ്പാറ അപകടത്തില്‍ 9 പേരുടെ മരണം സ്ഥിരീകരിച്ചു. 7 സ്ത്രീകള്‍ക്കും 2 കുട്ടികള്‍ക്കുമാണ് ജീവൻ നഷ്ടമായതെന്നും വ്യക്തമായിട്ടുണ്ട്. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. വളവില്‍ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കല്‍, ചുനൂർ സ്വദേശിയായി മുഹമ്മദ് ഫാസിത്തായിരുന്നു. ഡ്രൈവറടക്കം 4 പേർ ചികിത്സയിലാണ്. അതിരപ്പള്ളി വാഴച്ചാല്‍ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാല്‍പ്പാറയില്‍ എത്തിയത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങള്‍ സ്കൂള്‍ ഗ്രൂപ്പുകളില്‍ ഇട്ടിരുന്നു. ഈ ചിത്രങ്ങള്‍ ഏവരെയും ഇപ്പോള്‍ നൊമ്പരപ്പെടുത്തുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുതരമായി പരിക്കേറ്റ 3 പേരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ നിന്ന് കൊയമ്പത്തൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലാണുള്ളത്. 11 വയസ്സുള്ള ഒരു കുട്ടിയും പൊള്ളാച്ചിയില്‍ ചികിത്സയിലുണ്ട്. വിനോദയാത്രയുടെ ഭാഗമായി വാല്‍പ്പാറയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. വിനോദസഞ്ചാരികള്‍ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരിച്ച ഒന്‍പത് പേരുടെ മൃതദേഹം കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉടൻ മൃതദേഹം മലപ്പുറത്തേക്ക് കൊണ്ടുവരും. മന്ത്രി കെ കൃഷ്ണൻകുട്ടി പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. മന്ത്രി വി ശിവൻകുട്ടിയും കോയമ്പത്തൂരിലേക്കും പോകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മലപ്പുറത്ത് നിന്നുള്ള വിദഗ്ധ സംഘവും പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലായിരിക്കും പോസ്റ്റ്മോര്‍ട്ടം നടക്കുകയെന്നും തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നും പാലക്കാട് എഡിഎം സ്ഥലത്തുണ്ടെന്നും കോയമ്പത്തൂര്‍ കളക്ടറുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും കോയമ്പത്തൂരിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പാലക്കാട് നിന്ന് ഡോക്ടർമാരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പോയിട്ടുണ്ട്.പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മലപ്പുറത്തേക്ക് കൊണ്ടുവരുമെന്നും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
തമിഴ്നാട്ടിലെ വാല്‍പ്പാറ-പൊള്ളാച്ചി റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണ പാങ്ങ് എല്‍.പി. സ്കൂളിലെ അധ്യാപകസംഘവും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ദുരന്തത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയല്‍, കോയമ്പത്തൂർ കളക്ടർ പവൻ കുമാർ ജി. ഗിരിയപ്പനവറുമായി ബന്ധപ്പെട്ട് അപകടത്തില്‍പ്പെട്ടവർക്കുള്ള അടിയന്തര സഹായം ഉറപ്പാക്കിയെന്ന് മലപ്പുറം ജില്ലാ ഭരണകൂടം അറിയിച്ചു.മരിച്ചവരുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കും. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും.
മലപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണ സബ് കളക്ടർ സാക്ഷി മോഹൻ്റെ നേതൃത്വത്തില്‍ തഹസില്‍ദാർ അടങ്ങുന്ന റവന്യൂ സംഘം, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസർ ഡോ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം, പൊലീസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം, പാലക്കാട് നിന്ന് മെഡിക്കല്‍ ടീം, എ.ഡി.എം, രണ്ട് റവന്യൂ ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരടങ്ങുന്ന ടീം പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. ഇവർ തുടർനടപടികള്‍ക്കു മേല്‍നോട്ടം വഹിക്കും. പരിക്കേറ്റവരെ നിലവില്‍ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും കോയമ്പത്തൂർ മെഡിക്കല്‍ കോളെജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഡോക്ടർമാരുടെ സേവനവും ക്രിട്ടിക്കല്‍ കെയർ ബെഡുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

