വനിതാ സംവരണ ബില്ലിലെ ഭേദഗതികള്‍ : മൂന്ന് ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഇന്ന് മുതൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിക്കൊണ്ട് വനിതാ സംവരണ ബില്ലിലെ ഭേദഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായുള്ള മൂന്ന് ദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും.2023-ല്‍ പാസാക്കിയ ‘നാരി ശക്തി വന്ദന്‍ അധിനിയം’ നടപ്പിലാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ നീക്കി 2029-ലെ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ സംവരണം യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്ര നീക്കം. ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതിനുള്ള ഭേദഗതികളാണ് സഭ പരിഗണിക്കുന്നത്.

Advertisements

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയെ അഭിസംബോധന ചെയ്ത് സംവരണത്തിന്റെ റോഡ്മാപ്പ് അവതരിപ്പിക്കും. ഇരുസഭകളിലുമായി 28 മണിക്കൂര്‍ നീളുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും. ബില്‍ പാസാക്കുന്ന വേളയില്‍ സാക്ഷികളാകാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശുചീകരണ തൊഴിലാളികള്‍, സ്വയംസഹായ സംഘാംഗങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി.ഡി.പി, ശിവസേന തുടങ്ങിയ സഖ്യകക്ഷികള്‍ ഗ്രാമതലത്തില്‍ നിന്നുള്ള സ്ത്രീകളെയും വനിതാ മന്ത്രിമാരെയും ചര്‍ച്ച വീക്ഷിക്കാന്‍ പാര്‍ലമെന്റിലെത്തിക്കും. പുതിയ ഭേദഗതി പ്രകാരം ലോക്‌സഭയിലെ അംഗസംഖ്യ 543-ല്‍ നിന്ന് 850 ആയി ഉയരും. വര്‍ദ്ധിപ്പിച്ച സീറ്റുകളില്‍ 273 എണ്ണം സ്ത്രീകള്‍ക്കായി നീക്കിവയ്‌ക്കും. പട്ടികജാതി വിഭാഗത്തിനുള്ള സീറ്റുകള്‍ 136 ആയും പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റേത് 70 ആയും വര്‍ദ്ധിക്കും. നിലവിലെ അംഗങ്ങളുടെ പ്രാതിനിധ്യം കുറയ്‌ക്കാതെ തന്നെ സംവരണം നടപ്പിലാക്കാന്‍ സീറ്റുകളുടെ എണ്ണം കൂട്ടുന്നത് സഹായിക്കും.

പുതിയ സെന്‍സസിനായി കാത്തുനില്‍ക്കാതെ 2011-ലെ സെന്‍സസ് വിവരങ്ങള്‍ അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താനാണ് ‘ഡീലിമിറ്റേഷന്‍ ബില്‍, 2026’ ലക്ഷ്യമിടുന്നത്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം കുറയുമോ എന്ന ആശങ്ക പരിഹരിച്ചുകൊണ്ടായിരിക്കും അതിര്‍ത്തി നിര്‍ണ്ണയം. ഇതിനായി പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായ രണ്ട് ഭരണഘടനാ ഭേദഗതികള്‍ കേന്ദ്രം അവതരിപ്പിക്കും.

2034 വരെ നീണ്ടുപോയേക്കാവുന്ന സംവരണ നടപടികള്‍ 2029-ലേക്ക് ചുരുക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് രാഷ്‌ട്രീയത്തില്‍ അര്‍ഹമായ പങ്കാളിത്തം വേഗത്തില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ശനിയാഴ്ചയോടെ പുതിയൊരു ദിശാബോധം കൈവരുമെന്നാണ് പ്രതീക്ഷ.

Hot Topics

Related Articles