ഓപ്പറേഷൻ സിന്ദൂർ :തകർന്ന റൺവേകൾ വിജയമായി തോന്നുന്നുണ്ടെങ്കിൽ പാക്കിസ്ഥാന് അത് ആസ്വദിക്കാം:മറുപടി നൽകി ഇന്ത്യ

ന്യൂഡൽഹി: യുഎൻ പൊതുസഭയിൽ ഓപ്പറേഷൻ സിന്ദൂരിനെ പരാമർശിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കഠിനമായ മറുപടി നൽകി ഇന്ത്യ. “തകർന്ന റൺവേകളും കത്തിനശിച്ച ഹാങ്ങറുകളും വിജയമായി തോന്നുന്നുണ്ടെങ്കിൽ, പാക്കിസ്ഥാന് അത് ആസ്വദിക്കാം” എന്ന് ഇന്ത്യ വ്യക്തമാക്കി.യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയായ പേറ്റൽ ഗലോട്ട് ആണ് മറുപടി നൽകിയത്. ഭീകരവാദം തന്നെയാണ് പാക്കിസ്ഥാന്റെ വിദേശനയത്തിന്റെ അടിസ്ഥാനം എന്നും ഗലോട്ട് ചൂണ്ടിക്കാട്ടി.“ഒരു ചിത്രം ആയിരം വാക്കുകൾക്കു തുല്യമാണ്. ഓപ്പറേഷൻ സിന്ദൂരിനിടെ ഭീകര താവളങ്ങളിൽ ഇന്ത്യൻ സൈന്യം വീഴ്ത്തിയ തീവ്രവാദികളുടെ ചിത്രങ്ങൾ ലോകം കണ്ടു. ഭീകരരെ പൊതു വേദികളിൽ മഹത്വവൽക്കരിക്കുന്ന രാജ്യത്തിന്റെ യഥാർത്ഥ മുഖം മറയ്ക്കാനാകില്ല” – ഗലോട്ട് വ്യക്തമാക്കി.

Advertisements

ഷെരീഫ് പറഞ്ഞതുപോലെ ഇന്ത്യൻ വിമാനങ്ങളെ തകർത്ത് ‘പൊടിയും ചാരവും’ ആക്കിയെന്ന അവകാശവാദവും ഗലോട്ട് തള്ളി. “മേയ് ഒൻപതുവരെ ഇന്ത്യക്കെതിരെ ആക്രമണം നടത്തുമെന്നു ഭീഷണിപ്പെടുത്തിയിരുന്ന പാക്കിസ്ഥാൻ, മേയ് 10ന് നേരിട്ട് പോരാട്ടം നിർത്താൻ അപേക്ഷിച്ചിരുന്നു. അതാണ് യാഥാർത്ഥ്യം” അവർ കൂട്ടിച്ചേർത്തു.പഹൽഗാം ആക്രമണത്തിനുശേഷം രാഷ്ട്രീയ നേട്ടങ്ങൾ തേടിയെന്ന ഷെരീഫിന്റെ ആരോപണവും ഇന്ത്യ നിരസിച്ചു. പകരം ഭീകരവാദത്തെ സംരക്ഷിച്ചിട്ടുള്ള പാക്കിസ്ഥാന്റെ ഇരട്ടത്താപ്പാണ് ഇന്ത്യ ചൂണ്ടിക്കാട്ടിയത്. ദ് റെസിസ്റ്റൻസ് ഫ്രണ്ട് പോലുള്ള സംഘടനകളെ യുഎൻ സുരക്ഷാ കൗൺസിലിൽ സംരക്ഷിച്ചതും, വർഷങ്ങളോളം ഒസാമ ബിൻ ലാദനെ അഭയം നൽകിയതും ഇന്ത്യ തെളിവുകളോടെ മുന്നോട്ടുവച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഭീകര പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഭീകരനും അവരെ പിന്തുണക്കുന്നവരും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ഇരുവരെയും ഉത്തരവാദികളാക്കും. ആണവായുധ ഭീഷണിയുടെ മറവിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കാനോ നടപ്പിലാക്കാനോ അനുവദിക്കില്ല. അത്തരം ഭീഷണികൾക്ക് ഇന്ത്യ വഴങ്ങുകയുമില്ല. ലോകത്തോട് ഇന്ത്യയുടെ സന്ദേശം വ്യക്തമാണ് – ഭീകരവാദത്തിന് ഒരുതുള്ളി സഹിഷ്ണുത പോലും ഇല്ല” – ഗലോട്ട് വ്യക്തമാക്കി.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ നടന്നുവെന്ന ഷെരീഫിന്റെ പരാമർശവും ഇന്ത്യ തള്ളി. പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും ദ്വിപക്ഷതലത്തിൽ മാത്രം പരിഹരിക്കുമെന്ന നിലപാട് വീണ്ടും ആവർത്തിക്കുകയുമുണ്ടായി.

Hot Topics

Related Articles