ന്യൂഡൽഹി:പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി പുറപ്പെട്ടു. നാല് രാജ്യങ്ങൾ ഉൾപ്പെടുന്ന യാത്രയിൽ അദ്ദേഹം രാഷ്ട്രീയ നേതാക്കൾ, വിദ്യാർഥികൾ, വ്യവസായികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.കോൺഗ്രസ് മാധ്യമ-പ്രചാരണ വിഭാഗത്തിന്റെ ചുമതലയുള്ള പവൻ ഖേര സന്ദർശനത്തിന്റെ കൃത്യമായ ദൈർഘ്യം, രാജ്യങ്ങളുടെ പട്ടിക തുടങ്ങിയ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ബ്രസീലും കൊളംബിയയും സന്ദർശനത്തിലുണ്ടാകുമെന്ന വിവരം പുറത്തുവരുന്നു. സർവകലാശാലകളിൽ വിദ്യാർഥികളുമായി സംവദിക്കാനാണ് രാഹുലിന്റെ പ്രധാന പരിപാടികളിലൊന്ന്.
” ആഗോള നേതാക്കളുടെ അടുത്ത തലമുറയുമായി സംഭാഷണങ്ങൾ വളർത്താൻ ഈ നീക്കം സഹായകരമാകും. പല രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായും മുതിർന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും” – പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.യുഎസ് തീരുവകളുടെ പശ്ചാത്തലത്തിൽ വ്യാപാരവും പങ്കാളിത്തവും വൈവിധ്യവൽക്കരിക്കാനുള്ള സാധ്യതകൾ തേടി വ്യവസായ പ്രമുഖരുമായി രാഹുൽ ചർച്ച നടത്തുമെന്നാണ് സൂചന.“ചരിത്രപരമായ പ്രാധാന്യമുള്ള സന്ദർശനമാണ് ഇത്. ചേരിചേരാ പ്രസ്ഥാനം, ഗ്ലോബൽ സൗത്തിലെ ഐക്യദാർഢ്യം, ബഹുധ്രുവ ലോകക്രമത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യയും തെക്കേ അമേരിക്കയും ദീർഘകാല ബന്ധം പങ്കിടുന്നു” – കോൺഗ്രസ് പ്രസ്താവനയിൽ കൂടി പറഞ്ഞു.


