വൈക്കം: വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കാൻ ആറു വയസുകാരൻ ഇന്നെത്തും. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത്, രഞ്ജുഷ ദമ്പതികളുടെ മകൻ മൂവാറ്റുപുഴ കനേഡിയൻ സെൻട്രൽ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥി ശ്രാവൺ എസ്.നായരാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാൻ കായൽ നീന്തി കടക്കാനെത്തുന്നത്. നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിലാണ് ശ്രാവൺ നീന്തൽ അഭ്യസിച്ചത്.
ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേയ്ക്കുള്ള ഏഴു കിലോമീറ്റർ ദൂരമാണ് ശ്രാവൺ നീന്തുന്നത്. വേമ്പനാട്ട്കായലിലെ ഏറ്റവും വീതികൂടിയ ഭാഗമാണിത്. ഇതുവരെയുള്ള റെക്കാർഡ് 4.5 കിലോമീറ്ററാണ്. എംപി അഡ്വ. ഫ്രാൻസിസ് ജോർജ്, ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് തുടങ്ങിയവർ ശ്രാവണെ അനുമോദിക്കാനെത്തുമെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശിഹാബുദ്ദീൻസൈനു അറിയിച്ചു.