യേശുവിനെ കാണാന്‍’ കാട്ടില്‍ പോയി പട്ടിണി കിടന്ന‌ു; മരിച്ചവരുടെ എണ്ണം 47 ആയി വർദ്ധിച്ചു 

നെയ്റോബി: ‘യേശുവിനെ കാണാന്‍’ കാട്ടില്‍ പോയി പട്ടിണി കിടന്ന‌തിനെ തുടര്‍ന്ന് 47 പേര്‍ കൂടി മരിച്ചു. കെനിയയിലെ കിലിഫി കൗണ്ടിയിലെ മലിന്‍ഡിക്കടുത്തുള്ള 800 ഏക്കര്‍ വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച ഈ പ്രദേശത്തു നിന്നും നാല് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. 

Advertisements

മൃതദേഹങ്ങള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ പ്രദേശം പൊലീസ് അടച്ചു. കാട്ടില്‍ പോയി ഉപവാസമിരുന്നാല്‍ യേശുവിനെ കാണാമെന്നും സ്വര്‍ഗത്തില്‍ കടക്കാമെന്നുമുള്ള സുവിശേഷകന്റെ വാക്ക് കേട്ട് പോയി പട്ടിണി കിടക്കുന്ന സംഘത്തിലെ ആളുകളാണ് മരണത്തിന് കീഴടങ്ങുന്നത്. മഗരിനി മണ്ഡലത്തിലെ ഷാകഹോല ഗ്രാമത്തിലെ വിശ്വാസികളാണ് കഴിഞ്ഞയാഴ്ച മരിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന് കീഴിലെ 15 പേരടങ്ങുന്ന സംഘമാണ് ഇത്തരത്തില്‍ കാട്ടില്‍ പോയി പട്ടിണി കിടക്കുകയും ഇവരില്‍ നാല് പേര്‍ മരിക്കുകയും ചെയ്തത്. വനത്തിനുള്ളില്‍ പ്രാര്‍ഥന നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. വ്രതാനുഷ്ഠാനത്തില്‍ പങ്കെടുത്ത 15 പേരെ കണ്ടെത്തിയെങ്കിലും 11 പേര്‍ക്ക് മാത്രമാണ് ജീവനുണ്ടായിരുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്‌ മേധാവി പോള്‍ മകെന്‍സി എന്ന മകെന്‍സി ന്തേംഗേയാണ് യേശുവിനെ കാണാനായി വനത്തിനുള്ളില്‍ പോയി പട്ടിണി കിടക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്തത്. സംഭവത്തിനു പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ഈ പ്രസ്ഥാനത്തെ കുറിച്ച്‌ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. 

കസ്റ്റഡിയില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും മകെന്‍സി വിസമ്മതിക്കുന്നതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരാഹാര സമരമാണെന്നാണ് ഇയാള്‍ പറയുന്നത്. അതേസമയം, അനുയായികളുടെ മരണം അന്വേഷിക്കുന്നതിനാല്‍ പാസ്റ്ററെ കസ്റ്റഡിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് പൊലീസ് പ്രാദേശിക കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനും യേശുവിനെ കാണാനുമായി പട്ടിണി കിടക്കണം എന്നായിരുന്നു ഇയാള്‍ തന്റെ അനുയായികളെ ഉപദേശിച്ചത്. പാസ്റ്ററുടെ വാക്കു കേട്ട് ദിവസങ്ങളോളമായി ഇവിടുത്തെ വിശ്വാസികള്‍‍ വനത്തില്‍ ഭക്ഷണ പാനീയങ്ങള്‍ ത്യജിച്ച്‌ താമസിക്കുകയായിരുന്നു. നേരത്തെ, തന്റെ അനുയായികളായ ദമ്ബതികളുടെ രണ്ട് കുട്ടികളുടെ മരണത്തില്‍ കുറ്റാരോപിതനായ പാസ്റ്റര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

Hot Topics

Related Articles