കോട്ടയം: കുടുംബശ്രീ ഹോട്ടലിന്റെ പേരിൽ സ്വന്തം സുഹൃത്തുക്കളെ വച്ച്, കോൺഗ്രസ് കുടുംബത്തിന്റെ സ്ഥലം കയ്യേറി ഹോട്ടൽ നടത്തുന്ന കോട്ടയം നഗരസഭ 31 ആം വാർഡ് അംഗം ഷീന ബിനുവിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. വ്യാജ പ്രചാരണത്തിലൂടെ കോൺഗ്രസ് കുടുംബത്തിന്റെ സ്ഥലം ഹോട്ടലിനായി തട്ടിയെടുക്കുകയും, ഒഴിഞ്ഞു മാറാൻ ആവശ്യപ്പെട്ടപ്പോൾ കുടുംബത്തെ കോടതി കയറ്റുകയും ചെയ്ത ഷീനാ ബിനുവിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മൂലവട്ടം തൃക്കയിൽ ക്ഷേത്രം റോഡിലെ വർക്ക്‌ഷോപ്പ് വിവാദത്തിനു പിന്നാലെയാണ് ഇപ്പോൾ കോൺഗ്രസ് കുടുംബത്തിന്റെ ഭൂമി കയ്യേറിയ സംഭവത്തിൽ ഷീനാ ബിനുവിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.
കോട്ടയം നഗരസഭ കൗൺസിലറായ ഷീന കുടുംബശ്രീ അംഗങ്ങൾക്ക് ഹോട്ടൽ നടത്താൻ എന്ന പേരിലാണ് മൂലവട്ടം ഗസ്റ്റ്ഹൗസ് റോഡരികിലെ സ്ഥലത്ത് ഹോട്ടൽ ആരംഭിച്ചത്. എന്നാൽ, പ്രദേശത്തെ ഒരു കുടുംബശ്രീ അംഗത്തിന് പോലും ഇവിടെ ജോലി നൽകിയില്ലെന്നു മാത്രമല്ല, ഇവിടെ ഷീനാ ബിനുവിന്റെ സുഹൃത്ത് വലയത്തിലുള്ള യുവാക്കളാണ് ഇവിടെ ഹോട്ടൽ നടത്തിപ്പിനായി എത്തിയത്. ഇവർ ഇവിടെ എത്തുകയും വൈകുന്നേരങ്ങളിൽ മദ്യപിക്കുകയും, മാലിന്യം കത്തിക്കുകയും ചെയ്തതായി കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഇവരുടെ വീട്ടിൽ നിന്നും വൈദ്യുതി മോഷ്ടിച്ചെടുത്തതായും പരാതി ഉയർന്നിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശല്യം സഹിക്കാനാവാതെ വന്നതോടെ ഷീനാ ബിനുവിനോടും സംഘത്തോടും സ്ഥലത്തെ ഹോട്ടൽ ഒഴിയണമെന്നാവശ്യപ്പെട്ട് കുടുംബം നോട്ടീസ് നൽകി. എന്നാൽ, ഇതിന് തയ്യാറാകാതിരുന്ന ഷീനയും സംഘവും കോടതിയെ സമീപിക്കുകയും ഒഴിഞ്ഞു പോകുന്നതിനെതിരെ സ്‌റ്റേ വാങ്ങുകയുമായിരുന്നു. ഇതോടെയാണ് ഡിവൈഎഫ്‌ഐ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. നേരത്തെ മൂലവട്ടം തൃക്കയിൽക്ഷേത്രം റോഡിൽ നഗരസഭ സ്ഥലം കയ്യേറി വർക്ക്‌ഷോപ്പ് നിർമ്മിച്ച വ്യക്തിയെ സംരക്ഷിക്കുന്നത് ഷീനാ ബിനുവാണെന്നു ആരോപണം ഉയർന്നിട്ടുണ്ട്. ഈ സ്ഥലം ഒഴിയാൻ നോട്ടീസ് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വർക്ക്‌ഷോപ്പ് ഉടമയെ സംരക്ഷിച്ചു നിർത്താനുള്ള നടപടികളാണ് ഷീനാ ബിനു സ്വീകരിച്ചത്. ഈ വാർത്ത പുറത്ത് കൊണ്ടു വന്ന ജാഗ്രതാ ന്യൂസ് ലൈവിനെതിരെ ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയും ഷീനാ ബിനു ഭീഷണി തുടർന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഡിവൈഎഫ്‌ഐ ഷീനാ ബിനുവിനെതിരെ പോസ്റ്റർ പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.