ദില്ലി: ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ 26 റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനം. ഡാസോ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരുന്നു.
ഫ്രാൻസ് സർക്കാരുമായുള്ള ഉടമ്പടി അടിസ്ഥാനമാക്കി 26 റഫാൽ മറൈൻ വിമാനങ്ങളും അനുബന്ധ ഉപകരണങ്ങൾ, ആയുധങ്ങൾ, സിമുലേറ്റർ, സ്പെയറുകൾ, രേഖകൾ, നാവിക പരിശീലനം, ലോജിസ്റ്റിക് പിന്തുണ എന്നിവ ലഭ്യമാക്കാനായിരുന്നു ഡിഎസി യോഗത്തിലെ തീരുമാനം. കൂടാതെ, ഇന്ത്യയിൽ രൂപകല്പന ചെയ്ത ഉപകരണങ്ങളുടെ സംയോജനവും വിവിധ സംവിധാനങ്ങൾക്കായി മെയിന്റനൻസ്, റിപ്പയർ & ഓപ്പറേഷൻസ് (എംആർഒ) ഹബ്ബ് സ്ഥാപിക്കുന്നതും കൃത്യമായ ചർച്ചകൾക്ക് ശേഷം കരാർ രേഖകളിൽ ഉൾപ്പെടുത്തുമെന്ന് യോഗത്തിന് ശേഷം ഡിഎസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപ്, ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടിയാണ് ഫ്രാൻസിൽ നിന്ന് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ ആരോപണങ്ങൾക്കുമെല്ലാം വഴിവച്ചിരുന്നു. പിന്നീട് ഇതെല്ലാം കെട്ടടങ്ങി. റഫാൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തുകയും ചെയ്തു. ഈ ഇടപാട് ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയിരുന്നു.