ഇരുനൂറ് അടിച്ചിട്ടും ഇന്ത്യയെ പിടിച്ചു കെട്ടി ലങ്കന്‍ പടയാളികള്‍; ഏഷ്യാക്കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ലങ്കയെ ഇന്ത്യ വീഴ്ത്തിയത് സൂപ്പര്‍ ഓവറില്‍

ദുബായ്: ഏഷ്യാക്കപ്പിലെ സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യയെ പിടിച്ചു കെട്ടി ശ്രീലങ്ക. അവസാന ഓവര്‍ വരെയും, പിന്നീട് സൂപ്പര്‍ ഓവറിലേയ്ക്കും നീണ്ടപോരാട്ടത്തിലാണ് ശ്രീലങ്ക ഇന്ത്യയോട് തോല്‍വി സമ്മതിച്ചത്. ഇരുനൂറിനു മുകളില്‍ ഇന്ത്യ സ്‌കോര്‍ ചെയ്തിട്ടും അതിവേഗം റണ്ണടിച്ചു കൂട്ടിയ ശ്രീലങ്ക ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചാണ് കീഴടങ്ങിയത്. സ്‌കോര്‍ : ഇന്ത്യ – 202/5. 3/0. ശ്രീലങ്ക – 202/5. 2/2.

Advertisements

ടോസ് നേടിയ ഇന്ത്യയെ ശ്രീലങ്ക ബാറ്റിംങിന് അയക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി പതിവ് പോലെ വെടിക്കെട്ട് തുടക്കവുമായി അഭിഷേക് ശര്‍മ്മ കസറി. 31 പന്തില്‍ രണ്ട് സിക്‌സും എട്ടു ഫോറും സഹിതം 61 റണ്ണെടുത്താണ് അഭിഷേക് കത്തിക്കയറിയത്. ആദ്യം തന്നെ ഗില്ലിനെയും (4), പിന്നാലെ സൂര്യയെയും (12) തൊട്ട് പുറകെ അഭിഷേകിനെയും നഷ്ടമായ ഇന്ത്യയെ ഇരുനൂറിലേയ്ക്ക് എത്തിച്ചത് തിലകും (പുറത്താകാതെ 49), സഞ്ജവും (39), അക്‌സര്‍ പട്ടേലും (പുറത്താകാതെ 21) നടത്തിയ പോരാട്ടമായിരുന്നു. പാണ്ഡ്യ (2) നിരാശപ്പെടുത്തി. ലങ്കയ്ക്ക് വേണ്ടി തീക്ഷണ, ചമരവീര, ഹസരങ്ക, ശനങ്ക, അസലങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറില്‍ തന്നെ പാണ്ഡ്യ വിക്കറ്റ് വീഴ്ത്തി. റണ്ണെടുക്കും മുന്‍ കുശാല്‍ മെന്‍ഡിസിനെ (0) ഗില്ലിന്റെ കയ്യിലെത്തിച്ചായിരുന്നു പാണ്ഡ്യയുടെ തുടക്കം. എന്നാല്‍, പിന്നീട് ഗിയര്‍ മാറ്റിയ നിസങ്കയും (58 പന്തില്‍ 107), കുശാല്‍ പെരേരയും (32 പന്തില്‍ 58) ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. ഒരു ഘട്ടത്തില്‍ പുഷ്പം പോലെ ശ്രീലങ്ക വിജയിച്ചു കയറുമെന്ന പ്രതീതി പോലും ജനിച്ചു. 12.2 ഓവറില്‍ കുശാല്‍ പെരേരയെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ആ കൂട്ടുകെട്ടി പൊളിച്ചെങ്കിലും ഒരു വശത്ത് നിര്‍ഭയമായി നിന്ന നിസങ്ക ആക്രമണം അഴിച്ചു വിട്ടു.

കൂട്ടായി എത്തിയ അസലങ്ക (5), മെന്‍ഡിസ് (3) എന്നിവര്‍ പുറത്തായെങ്കിലും നിസങ്ക അവസാന ഓവര്‍ വരെ ക്രീസില്‍ നിന്നു. അവസാന ഓവറിന്റെ ആദ്യ പന്തില്‍ ഹര്‍ഷിത് റാണയുടെ പന്തില്‍ വരുണ്‍ ചക്രവര്‍ത്തി പിടിച്ച് നിസങ്ക പുറത്തായിരുന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് തോല്‍വി നേരിടേണ്ടി വന്നേനെ. എന്നാല്‍, പുറത്താകാതെ നിന്ന ശനങ്കയും (22), ജനിത്തും (2) ചേര്‍ന്ന് കളി സമനിലയില്‍ എത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി പാണ്ഡ്യ. അര്‍ഷദീപ്, ഹര്‍ഷിത് റാണ, കുല്‍ദീപ്, വരുണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സൂപ്പര്‍ ഓവറില്‍ ആദ്യ പന്തില്‍ തന്നെ കുശാല്‍ പെരേരയെ (0) വീഴ്ത്തിയ അര്‍ഷദീപ്, അഞ്ചാം പന്തില്‍ ശനങ്കയെ (0)കൂടി മടക്കി. ഒരു വൈഡ് അടക്കം രണ്ട് റണ്‍ മാത്രമായിരുന്നു ലങ്കയുടെ സമ്പാദ്യം. നേരിട്ടആദ്യ പന്തില്‍ തന്നെ മൂന്ന് റണ്‍ ഓടിയെടുത്ത് സൂര്യയും, ഗില്ലും ചേര്‍ന്ന് വിജയം ഇന്ത്യയ്ക്ക് നല്‍കി.

Hot Topics

Related Articles