ന്യൂഡൽഹി: ഉത്തർപ്രദേശിലെ അലിഗഡിൽ ബൈക്ക് ഷോറൂം ഉടമ അഭിഷേക് ഗുപ്തയുടെ കൊലപാതകത്തിൽ വിവാദ നേതാവ് പൂജ ശകുൻ പാണ്ഡെ (ലേഡി ഗോഡ്സെ, സാധ്വി അന്നപൂർണ്ണ) പ്രധാന പ്രതിയാണെന്ന് പൊലീസ്. ഭർത്താവും അഖില ഭാരതീയ ഹിന്ദു മഹാസഭ (എബിഎച്ച്എം) വക്താവുമായ അശോക് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, പൂജ ഇപ്പോഴും ഒളിവിലാണ്.സെപ്റ്റംബർ 23-ന് രാത്രി 9.30ഓടെയാണ് അലിഗഡിൽ അഭിഷേക് ഗുപ്തക്ക് വെടിയേറ്റ് മരിച്ചത്. ബസ് കാത്തുനിന്ന അഭിഷേകിനെ ബൈക്കിലെത്തിയ രണ്ടുപേർ വെടിവച്ചുകൊല്ലുകയായിരുന്നു. വാടകക്കൊലയാളികളായ മുഹമ്മദ് ഫസലിനെയും കൂട്ടാളിയെയും ഇതിനകം പൊലീസ് പിടികൂടി. കൊലപാതകം സാമ്പത്തിക ഇടപാടിനെച്ചൊല്ലിയ തർക്കത്തെ തുടർന്നാണ് നടന്നത് എന്നതാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
എന്നാൽ, അഭിഷേകിന്റെ കുടുംബം മറ്റൊരു വാദമാണ് മുന്നോട്ടുവയ്ക്കുന്നത്. പൂജയ്ക്ക് അഭിഷേകുമായി അടുപ്പമുണ്ടായിരുന്നുവെന്നും വിവാഹത്തിനായി സമ്മർദം ചെലുത്തിയിരുന്നുവെന്നും അഭിഷേകിന്റെ പിതാവ് നീരജ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു. മകന്റെ ബിസിനസിൽ പങ്കാളിയാകണമെന്ന പൂജയുടെ ആവശ്യം അഭിഷേക് നിരസിച്ചതും സംഘർഷത്തിന് കാരണമായെന്ന് കുടുംബം ആരോപിക്കുന്നു.പൂജയും ഭർത്താവും കൊലപാതകം ആസൂത്രണം ചെയ്തുവെന്നും മുഹമ്മദ് ഫസലിന് മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം പൊലീസിന് മൊഴിനൽകി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ അശോക് പാണ്ഡെയെ അറസ്റ്റ് ചെയ്തുവെങ്കിലും, പൂജയുടെ ഒളിവാണ് ഇപ്പോൾ അന്വേഷണത്തിൽ പ്രധാന തടസ്സം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാദങ്ങളിലൂടെ പേരെടുത്ത ‘ലേഡി ഗോഡ്സെ’
പൂജ ശകുൻ പാണ്ഡെ, ഹിന്ദു മഹാസഭയുടെ അലിഗഡ് വിഭാഗത്തിലെ പ്രമുഖ നേതാവാണ്. ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങൾ, വിദ്വേഷ പ്രചാരണങ്ങൾ എന്നിവയാണ് അവരെ വീണ്ടും വീണ്ടും വിവാദങ്ങളിൽ എത്തിച്ചത്.
2019: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിയുടെ ചിത്രത്തിലേക്ക് വെടിവച്ചത് രാജ്യത്തെ ഞെട്ടിച്ചിരുന്നു.
2020: തബ്ലീഗി ജമാഅത്ത് അംഗങ്ങളെ കുറിച്ച് പ്രകോപനപരമായ പ്രസംഗം നടത്തിയതിനാൽ അറസ്റ്റ്.
2021: ഹരിദ്വാറിൽ നടന്ന ധർമ്മസൻസദിൽ മുസ്ലിംകളുടെ കൂട്ടക്കൊലയ്ക്ക് തുറന്ന ആഹ്വാനം.
മോദിക്കെതിരായ നിലപാട്: കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ “ജിസ്കി ഏക് ബാത് നഹി, ഉസ്ക ഏക് ബാപ് നഹി” എന്നു പറഞ്ഞ് മോദിയുടെ ചിത്രം ഓഫീസിൽ നിന്ന് നീക്കം ചെയ്തതും വിവാദമായിരുന്നു.പലപ്പോഴും “ഹിന്ദുക്കളുടെ നിലനിൽപ്പിനായി ആയുധമെടുക്കണം, ജയിലിൽ പോകാൻ തയ്യാറാകണം” എന്ന തരത്തിലുള്ള പ്രസംഗങ്ങളിലൂടെ പൂജ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.
അന്വേഷണം ശക്തം
പൂജ ശകുൻ പാണ്ഡെയുടെ ഒളിയിടത്തെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ഇടപാടും വ്യക്തിപരമായ ബന്ധവും ചേർന്നതാണ് എന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.


