കൊച്ചി :വിദ്യാർത്ഥിയെ തിരുത്താനും അച്ചടക്കമുറപ്പാക്കാനുമെന്ന ഉദ്ദേശ്യത്തോടെ അധ്യാപകൻ നടത്തിയ ചൂരൽ പ്രയോഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അത്തരത്തിലുള്ള നടപടികൾ ശിക്ഷാപരമല്ല, മറിച്ച് സദുദ്ദേശ്യത്തോടെ ചെയ്ത ഇടപെടലാണ് എന്ന് കോടതി നിരീക്ഷിച്ചു.വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയതിന്റെ പേരിൽ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രതീപ് കുമാർ വിധി പ്രസ്താവിച്ചത്.2019-ലാണ് പാലക്കാട്ടെ ഒരു സ്കൂളിൽ പ്ലാസ്റ്റിക് പൈപ്പുകൾ ഉപയോഗിച്ച് തമ്മിൽ തല്ലുകയായിരുന്ന മൂന്ന് കുട്ടികളെ നിയന്ത്രിക്കാൻ അധ്യാപകൻ ചൂരൽ പ്രയോഗിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവ് പൊലീസിനെ സമീപിക്കുകയും, വടക്കഞ്ചേരി പൊലീസ് അധ്യാപകനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.
കേസിന് ശേഷം, താൻ അച്ചടക്കത്തിനായി മാത്രമാണ് ഇടപെട്ടതെന്ന് അധ്യാപകൻ വാദിച്ചു. ഈ വാദം കോടതി അംഗീകരിച്ചു. സംഭവം നടന്നതിന് നാല് ദിവസം കഴിഞ്ഞാണ് പരാതി നൽകിയതെന്നും, കുട്ടിക്ക് പരിക്കേറ്റതായി തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.“വിദ്യാർത്ഥികളെ തിരുത്താനാണ് അധ്യാപകൻ ഏറ്റവും കുറഞ്ഞ ബലപ്രയോഗം നടത്തിയത്. അതിനാൽ അത് കുറ്റകരമല്ല,” എന്ന് കോടതി നിരീക്ഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാർത്ഥികളെ തിരുത്താനായുള്ള ശിക്ഷ ശരിയായ ഉദ്ദേശ്യത്തോടെ ആയാൽ അത് തെറ്റല്ലെന്ന ഹൈക്കോടതിയുടെ മുമ്പത്തെ വിധിയും കോടതി ഉദ്ധരിച്ചു. അധ്യാപകന്റെ സദുദ്ദേശ്യം രക്ഷിതാക്കൾ മനസ്സിലാക്കാത്തത് ദൗർഭാഗ്യകരം എന്നും കോടതി പരാമർശിച്ചു.ഇതോടെ പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ പരിഗണനയിലുണ്ടായിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി.


