ന്യൂഡൽഹി :ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന് ഉത്തരവാദികളായവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.‘സമഗ്രമായ അന്വേഷണം നടക്കുന്നു. അന്വേഷണ ഫലം ഉടൻ പരസ്യമാക്കും. ഈ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു,’ പ്രതിരോധമന്ത്രി വ്യക്തമാക്കി.സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും അനുശോചനം രേഖപ്പെടുത്തിയ പ്രതിരോധമന്ത്രി, പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
തിങ്കളാഴ്ച വൈകിട്ട് 6.52ന് റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം നിർത്തിയിട്ടിരുന്ന വെള്ള നിറത്തിലുള്ള ഹ്യൂണ്ടായി ഐ20 കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതാണ് സംഭവം. സ്ഫോടനത്തിൽ 13 പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പരിക്കേറ്റവരിൽ 15 പേരുടെ നില അതീവ ഗുരുതരമാണ്. ഇവർ ഇപ്പോൾ എൽ.എൻ.ജെ.പി ആശുപത്രിയിലാണ് ചികിത്സയിലാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരണസംഖ്യ കൂടി ഉയരാനാണ് സാധ്യത.കാർ പൊട്ടിത്തെറിച്ചതോടെ മുന്നിലും പിന്നിലും നിൽക്കുന്ന വാഹനങ്ങൾക്കും തീപിടിച്ച് കത്തിയമർന്നത് വലിയ നാശനഷ്ടമുണ്ടാക്കി. വാഹനങ്ങളിലെ യാത്രക്കാരും സമീപവാസികളും വഴിയാത്രക്കാരും ദുരന്തത്തിനിരയായി.കാറിനുള്ളിലുണ്ടായിരുന്നവരുടെ ശരീരഭാഗങ്ങൾ ചിതറിയ നിലയിലാണ് കണ്ടെത്തിയത്. എത്രപേർ കാറിലുണ്ടായിരുന്നുവെന്നത് വ്യക്തമല്ല. ഇതുവരെ തിരിച്ചറിഞ്ഞ മരിച്ചവരിൽ ഉത്തർപ്രദേശ് സ്വദേശി അശോക് കുമാർ ഉൾപ്പെടുന്നു.അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഔദ്യോഗികമായി 8 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.


