കോട്ടയം: പാലായില്‍ വാഹനാപകടത്തില്‍ പരിക്ക് പറ്റി ചികിത്സയിലിരിക്കെ മരിച്ച റോസമ്മ ഉലഹന്നാൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. കോട്ടയം പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മയുടെ വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്തു. അതേസമയം അപകടം ഉണ്ടാക്കിയ കാർ ഉടമ ഇപ്പോഴും ഒളിവിലാണ്. നവംബർ അഞ്ചിന് രാത്രി പത്തരയോടെ പാലാ മിനി സിവിൽ സ്റ്റേഷന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് റോസമ്മയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയത്. ജോലി കഴിഞ്ഞ് ഭർത്താവിനോടൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെയായിരുന്നു അപകടം.
സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി കടയ്ക്ക് മുന്നിൽ ഓട്ടോറിക്ഷ നിർത്തി ഭർത്താവ് ഉലഹന്നാൻ പുറത്തിറങ്ങിയതിന് പിന്നാലെ പിന്നില്‍ നിന്നും അമിതവേഗത്തിൽ വന്ന കാർ ഓട്ടോറിക്ഷയിൽ വന്നിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് റോഡിൽ വീണ റോസമ്മയുടെ മേലേയ്ക്ക് ഓട്ടോറിക്ഷ മറിഞ്ഞ് വീഴുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ റോസമ്മയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നവംബർ 11ന് മസ്തിഷ്ക മരണം സംഭവിച്ചു. ഇതേ തുടർന്നാണ് കുടുംബാംഗങ്ങൾ റോസമ്മയുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. റോസമ്മയുടെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലേക്കും മറ്റൊന്ന് എറണാകുളം അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും നേത്രപടലങ്ങള്‍ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നല്‍കിയത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. രാജേഷ് ജോസഫ്, രാജീവ് ജോസഫ് (സോഫ്റ്റ് വെയർ എഞ്ചിനീയർ-ബാംഗ്ലൂർ), രശ്മി ജോൺ (യുകെ) എന്നിവരാണ് മക്കൾ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അതേസമയം അമിതാവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ പാലാ സ്വദേശി ജോർജ്കുട്ടി ആനിത്തോട്ടം ഇപ്പോഴും ഒളിവിലാണ്. അപകടം നടന്നതിന്റെ പിറ്റേദിവസം കാറും ഡമ്മി ഡ്രൈവറെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം രക്ഷപ്പെട്ട ഇയാൾക്കായി പോലീസിന്റെ അന്വേഷണം തുടരുകയാണ്.


