ബെംഗളൂരു: പത്മശ്രീ പുരസ്കാരജേതാവും പ്രശസ്ത പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച തിമ്മക്ക പിന്നീട് ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് വിവാഹം കഴിച്ചത്.
ദമ്പതികൾക്ക് മക്കളില്ലാത്തതിന്റെ ദുഃഖത്തിൽ, വഴിയരികിൽ ആൽമരത്തൈകൾ നട്ടും വളർത്തിയും അതിനെ സ്വന്തം മക്കളെ പോലെ പരിചരിക്കാനുമാണ് അവർ തീരുമാനിച്ചത്.ഹുലിക്കൽ ഗ്രാമത്തിൽ നിന്ന് കുഡൂരിലേക്കുള്ള സംസ്ഥാനപാതയോരത്ത് ഭർത്താവിനൊപ്പം 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ച തിമ്മക്കയ്ക്ക് ’വൃക്ഷ മാതാവ്’ എന്ന പേരിൽ വ്യാപകമായ ജനപ്രീതിയുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരക്ഷരയായിരുന്നിട്ടും പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച അവർ 2019ൽ രാജ്യത്തിന്റെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം നേടി. ഓണററി ഡോക്ടറേറ്റ് ഉൾപ്പെടെ നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും തിമ്മക്കക്ക് ലഭിച്ചിട്ടുണ്ട്.പച്ചപ്പിനായി ജീവിതമെങ്ങും പോരാടിയ ഒരു പെൺകുട്ടിയുടെ നിശ്ശബ്ദ സമർപ്പണമാണ് തിമ്മക്കയുടെ ജീവിതം. പരിസ്ഥിതിയോടുള്ള അക്ഷയമായ സ്നേഹത്തിന്റെ ശാശ്വത സ്മാരകമായി അവളുടെ മരങ്ങൾ ഇന്നും നിലകൊള്ളുന്നു.


