ന്യൂഡൽഹി:ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യൻ യുവതിയെ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞുവെച്ചതായി റിപ്പോർട്ടുകൾ. അരുണാചൽ പ്രദേശ് സ്വദേശിനിയായ പെമ വാങ് തോങ്ദോക്ക് സോഷ്യൽ മീഡിയയിലൂടെ ഈ സംഭവം വെളിപ്പെടുത്തി.പെമയുടെ ആരോപണമനുസരിച്ച്, ചൈനീസ് ഇമിഗ്രേഷൻ അധികൃതരും ചൈന ഈസ്റ്റേൺ എയർലൈൻസ് ഉദ്യോഗസ്ഥരും തനിക്ക് ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് അറിയിച്ചു. “അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് അവര് അവകാശപ്പെട്ടു. അതനുസരിച്ച് എൻറെ ഇന്ത്യൻ പാസ്പോർട്ട് അംഗീകരിക്കാൻ അവർ വിസമ്മതിച്ചു,” പെമ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയിൽ വിമാനമാറ്റത്തിനായി ഷാങ്ഹായിൽ ഇറങ്ങിയ പെമയ്ക്ക് ജപ്പാൻ വിസ ഉണ്ടായിരുന്നു. എന്നാൽ ചൈനീസ് ഉദ്യോഗസ്ഥർ അവളെ ജപ്പാനിലേക്കുള്ള വിമാനത്തിൽ കയറാനുമതിയില്ലാതെ 18 മണിക്കൂർ വിമാനത്താവളത്തിൽ തന്നെ തടഞ്ഞുവച്ചു. ഈ സമയത്ത് ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യങ്ങളും നൽകാതെയായിരുന്നെന്നും അവർ ആരോപിച്ചു.അതേസമയം, പുതിയ ടിക്കറ്റ് ചൈന ഈസ്റ്റേൺ എയർലൈൻസ് വഴിയല്ലാതെ ബുക്ക് ചെയ്യുന്നത് അനുവദിക്കില്ലെന്നും അതിനുശേഷം മാത്രമേ പാസ്പോർട്ട് തിരികെ നൽകൂവെന്നും വിധി വിധാനങ്ങൾ ചൈനീസ് അധികാരികൾ മുന്നോട്ടുവച്ചതായി പെമ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രാൻസിറ്റ് മേഖലയ്ക്ക് പുറത്തേക്ക് പോകാനാകാതിരുന്നതിനാൽ അവർക്ക് പുതിയ ടിക്കറ്റ് വാങ്ങാനും സാധിച്ചില്ല. പിന്നീട് ലണ്ടനിൽ നിന്നുള്ള സുഹൃത്തിന്റെ സഹായത്തോടെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും അവരുടെ ഇടപെടലിനൊടുവിൽ രാത്രിയോടെ വിട്ടയക്കപ്പെടുകയും ചെയ്തു.”ഇത് ഇന്ത്യയുടെ പരമാധികാരത്തോട് നേരിട്ട് നടത്തുന്ന അപമാനമാണ്. അരുണാചൽ സ്വദേശികളെ ഇത്തരത്തിലുള്ള വിവേചനത്തിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യ സർക്കാർ ഇടപെടണം,” പെമ വാങ് തോങ്ദോക്ക് ആവശ്യപ്പെട്ടു.അരുണാചൽ പ്രദേശിനെ ചൈന “സാങ്നാൻ” എന്ന പേരിൽ ടിബറ്റിന്റെ തെക്കൻ ഭാഗമായി പരിഗണിക്കുന്നുവെന്ന് കഴിഞ്ഞ കാലത്തും ചൈന ആവർത്തിച്ച് പ്രസ്താവിച്ചിരുന്നു.
ഇതിനെതിരെ ഇന്ത്യ നിരന്തരം ശക്തമായ നിലപാട് സ്വീകരിച്ചു വരുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമായിരുന്നു, ഇപ്പോഴും അത് ഇന്ത്യയുടെ ഭാഗമാണ് എന്നും എന്നും തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.


