കണ്ണൂർ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ പരാതിയിലും ‘ജുഡീഷ്യൽ ബുദ്ധി’ പ്രവർത്തിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. കെപിസിസിക്ക് ഇമെയിൽ മുഖേനയാണ് പരാതി ലഭിച്ചതെന്നും, അത് ലഭിച്ചതിനൊടുവിൽ തന്നെ വിളിച്ചു പറയുകയും തുടർന്ന് ഡിജിപിക്ക് പരാതി കൈമാറുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.പരാതി വായിച്ചപ്പോൾ തന്നെ അതിൽ ആവശ്യമായ നിയമബോധം ഉള്ളതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം താനും, പ്രതിപക്ഷ നേതാവും, യുഡിഎഫ് കൺവീനറും ഉൾപ്പെടെ നടത്തിയ സംവാദങ്ങൾക്കൊടുവിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പാർട്ടിക്ക് പുറത്തായ ഒരാളെ കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും വിഷയത്തിൽ ഇനി ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദിലീപ് വിഷയത്തിൽ യുഡിഎഫ് കൺവീനർ നടത്തിയ പ്രസ്താവന തെറ്റാണെന്നും അത് തിരുത്താൻ അദ്ദേഹം തയ്യാറായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ പ്രസ്താവനയിലെ ഒരു ഭാഗം മാത്രം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് വിവാദങ്ങൾക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരും സിപിഎമ്മും പ്രതികളെ സംരക്ഷിക്കുകയാണെന്നും കൂടുതൽ സിപിഎം നേതാക്കൾ കുടുങ്ങാനിടയുള്ളതിനാൽ ജയിലിലായ നേതാക്കൾക്കെതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്നും സണ്ണി ജോസഫ് ആരോപിച്ചു.
സംഭവത്തിന് സ്വർണക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെന്നും, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വർണപ്പാളി കടത്തിൽ പങ്കുണ്ടെന്നതും മാധ്യമങ്ങൾ തന്നെയാണ് റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


