പത്തനംതിട്ട:കഠിനമായ മലകയറ്റവും അസഹ്യമായ തിരക്കും നിറഞ്ഞ ശബരിമല സന്നിധാനത്ത് പുതിയൊരു പെൺ ചരിത്രം കുറിക്കപ്പെടുന്നു. കൊല്ലം തേവലക്കര സ്വദേശിനിയായ സുധ പഴയമഠം (54) ആണ് ഈ ചരിത്ര നേട്ടത്തിന്റെ നായിക. ദേവസ്വം ഉദ്യോഗസ്ഥർക്കും മറ്റ് ജീവനക്കാർക്കുമായി ഭക്ഷണം നൽകുന്ന ശബരിമല സന്നിധാനത്തെ മെസ് നടത്തിപ്പിന്റെ കരാർ ഒരു വനിതാ സംരംഭക സ്വന്തമാക്കുന്നത് ഇതാദ്യമായാണ്. മത്സര ടെൻഡറിലൂടെയാണ് സുധ ഈ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത്.
സന്നിധാനത്ത് മാത്രം ദിവസവും മൂന്നു നേരം ഏകദേശം അയ്യായിരത്തോളം പേർക്ക് സുധയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കുന്നു. ഇതിനുപുറമെ പമ്പയിൽ 2000 പേർക്ക്, നിലയ്ക്കലിൽ 1500 പേർക്ക് ഭക്ഷണം ഒരുക്കുന്നു. അങ്ങനെ ആകെ 8500-ലധികം പേർക്ക് ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്വമാണ് ഇപ്പോൾ സുധയുടെ തോളിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്ക്
2006-ൽ കുടുംബശ്രീയുടെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണം നൽകിക്കൊണ്ടാണ് സുധ തന്റെ സംരംഭക യാത്ര ആരംഭിച്ചത്. തുടർന്ന് ‘ക്വാളിറ്റി’ എന്ന പേരിൽ കാറ്ററിങ് സർവീസ് വിപുലീകരിച്ചു. കഴിഞ്ഞ വർഷം ദർശനത്തിനായി ശബരിമലയിൽ എത്തിയപ്പോഴാണ് സന്നിധാനത്തെ മെസ് നടത്തിപ്പ് ശ്രദ്ധയിൽപ്പെട്ടത്. അതാണ് ഇത്തവണ ടെൻഡറിൽ പങ്കെടുക്കാൻ പ്രചോദനമായതെന്ന് സുധ പറയുന്നു.മണ്ഡലകാലം ആരംഭിച്ചത് മുതൽ സന്നിധാനത്തെ ദേവസ്വം മെസിൽ സുധ സജീവ സാന്നിധ്യമാണ്. സാധനങ്ങൾ എത്തിക്കുന്നതും പാചകവും നിയന്ത്രിക്കുന്നതിനായി നൂറോളം ജീവനക്കാർ ഒപ്പമുണ്ടെങ്കിലും, എല്ലാത്തിനും മേൽനോട്ടം വഹിച്ച് 24 മണിക്കൂറും സുധ തന്നെ രംഗത്തുണ്ട്.
ആദ്യ ദിവസങ്ങളിൽ ഭക്ഷണത്തിന്റെ അളവിൽ ഉണ്ടായ ചെറിയ കുറവ് പരാതികൾക്ക് ഇടയാക്കിയെങ്കിലും, അത് വെല്ലുവിളിയായി ഏറ്റെടുത്ത് അടുത്ത ദിവസം മുതൽ പരാതിരഹിതമായി മെസ് നടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകാൻ സുധയ്ക്ക് കഴിഞ്ഞു.പൊതുപ്രവർത്തകനായ മകൻ സംഗീത് പഴയമഠം അമ്മയ്ക്ക് കരുത്തായി ഒപ്പമുണ്ട്. പ്രവാസിയായിരുന്ന വിജയൻ പിള്ളയാണ് ഭർത്താവ്. ഡോ. സ്വാതി എസ്. പിള്ള മകളാണ്. മകരവിളക്ക് ഉത്സവം കഴിഞ്ഞശേഷമേ സുധ നാട്ടിലേക്ക് മടങ്ങുകയുള്ളൂ.


