മൺകൂനയിൽ തട്ടി ഓട്ടോറിക്ഷ മറിഞ്ഞു;തൃശ്ശൂരിൽ ഒന്നാം പിറന്നാൾ ആഘോഷിക്കാനിരുന്ന കുഞ്ഞിന് ദാരുണാന്ത്യം

തൃശ്ശൂർ:വരടിയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് കുഞ്ഞ് അപകടത്തിൽ മരിച്ചത്. വരടിയം കൂവപ്പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് അപകടം ഉണ്ടായത്.ഇരവിമംഗലം നടുവിൽ പറമ്പിൽ റിൻസന്റെയും റിൻസിയുടെയും മകൾ എമിലിയ (1) ആണ് മരിച്ചത്. പിറന്നാൾ ആഘോഷിക്കുന്നതിനായി വരടിയത്തെ അമ്മവീട്ടിൽ നിന്ന് ഇരവിമംഗലത്തെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്.വരടിയം–മുണ്ടൂർ റോഡിൽ മാസങ്ങളായി നടക്കുന്ന നവീകരണ ജോലികളുടെ ഭാഗമായി റോഡിന്റെ ഒരുവശത്ത് ഓവുചാലിനോടു ചേർന്ന് വലിയ തോതിൽ മണ്ണ് കൂനയായി കൂട്ടിയിട്ടിരുന്നു. എതിരെ വന്ന വാഹനത്തിന് സൈഡ് നൽകുന്നതിനിടെ ഓട്ടോറിക്ഷയുടെ പിൻചക്രം ഈ മൺകൂനയിൽ കയറി വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Advertisements

അപകടസമയത്ത് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന എല്ലാവരും റോഡിലേക്ക് വീണു. കുഞ്ഞിന്റെ അമ്മ റിൻസി, സഹോദരൻ എറിക്, മുത്തച്ഛൻ മേരിദാസ്, ഓട്ടോ ഡ്രൈവർ മനോഹരൻ എന്നിവർക്കും പരുക്കേറ്റു. മേരിദാസിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കുഞ്ഞിന് തലയ്ക്ക് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് ആദ്യം അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചതോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ എമിലിയ മരണത്തിനു കീഴടങ്ങി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Hot Topics

Related Articles