തിരുവനന്തപുരം:വാട്സാപ്പ് യൂണിവേഴ്സിറ്റിയുമായി ചർച്ചയ്ക്ക് എത്തിയ അല്‍ഫോൻസ് കണ്ണന്താനത്തിന് ചരിത്രപാഠം പഠിപ്പിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ കെ ശൈലജ. ഒരു സ്വകാര്യ ചാനൽ ചർച്ചയിലാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും ക്രൈസ്തവരും സംബന്ധിച്ച കണ്ണന്താനത്തിന്റെ ആരോപണങ്ങൾക്ക് ശൈലജ കണക്കുകളും ചരിത്രവും നിരത്തി മറുപടി നൽകിയത്.കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ക്രൈസ്തവർ കൂട്ടക്കൊലയ്ക്ക് ഇരയായെന്നായിരുന്നു അല്‍ഫോൻസ് കണ്ണന്താനത്തിന്റെ ആരോപണം. സ്റ്റാലിൻ, ലെനിൻ ഭരണകാലത്തെ സോവിയറ്റ് റഷ്യയിലും ഈസ്റ്റേൺ യൂറോപ്പിലും കോടിക്കണക്കിന് ക്രൈസ്തവർ കൊല്ലപ്പെട്ടുവെന്ന ‘കണ്ടെത്തലുകളും’ അദ്ദേഹം ചർച്ചയിൽ ഉന്നയിച്ചു.
ഇന്ത്യയിൽ ക്രൈസ്തവ സംരക്ഷണം പറയുന്നവർ ചൈനയിൽ മതവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന ക്രൂരതകളെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നും കണ്ണന്താനം ആരോപിച്ചു.എന്നാൽ, ഈ വാദങ്ങൾ ചരിത്രവസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തത് സോവിയറ്റ് റഷ്യയിലല്ല, മറിച്ച് 1930-കളിൽ നാസി ഭരണകാലത്തെ ജർമ്മനിയിൽ ഹിറ്റ്‌ലറുടെ നേതൃത്വത്തിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. ആ ഹിറ്റ്‌ലറിനെ പരാജയപ്പെടുത്തിയത് സോവിയറ്റ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലായിരുന്നുവെന്നും ശൈലജ ഓർമിപ്പിച്ചു.ഹിറ്റ്‌ലർ ആദ്യം ജൂതന്മാരെയും പിന്നീട് കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകാരെയും തമ്മിൽ വിഭജിച്ച് ഭരിച്ചെന്നും, ഒടുവിൽ എല്ലാവരെയും ഒരുപോലെ വേട്ടയാടിയെന്ന ചരിത്രവും അവർ വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂതന്മാരോടൊപ്പം കമ്മ്യൂണിസ്റ്റുകാരെയും ഹിറ്റ്‌ലർ ക്രൂരമായി കശാപ്പ് ചെയ്തിട്ടുണ്ട്.വിപ്ലവ ഘട്ടങ്ങളിൽ ചില ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടാകാമെങ്കിലും, കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നിട്ടും സെന്റ് പീറ്റേഴ്‌സ്ബർഗിലെ പ്രമുഖ ക്രൈസ്തവ ദേവാലയങ്ങൾക്ക് ഒരു പോറലും സംഭവിച്ചിട്ടില്ലെന്നും അവ ഇന്നും നിലനിൽക്കുന്നുവെന്നും അവർ വ്യക്തമാക്കി.ചൈനയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് നിലനിൽക്കുന്നത് വർഗീയവാദികളും മുതലാളിത്ത ശക്തികളും ചേർന്ന് നടത്തുന്ന തെറ്റായ പ്രചാരണങ്ങളാണെന്നും, അവിടെ പള്ളികളിലും മോസ്കുകളിലും ആരാധനകൾ നടക്കുന്നതായും ശൈലജ പറഞ്ഞു. ഇതിന് തെളിവായി അവിടെ പോയവർ എടുത്ത ദൃശ്യങ്ങൾ യൂട്യൂബിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ലഭ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തിനെതിരായ ഇത്തരം ചരിത്രവിരുദ്ധ പ്രചാരണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ശൈലജ,കണക്കുകളും സംഭവങ്ങളും നിരത്തി നടത്തിയ വിശദീകരണത്തോടെ അല്‍ഫോൻസ് കണ്ണന്താനത്തിന്റെ ആരോപണങ്ങൾ ചർച്ചയിൽ നിമിഷങ്ങൾക്കുള്ളിൽ തള്ളപ്പെടുകയായിരുന്നു.


