തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോവളം വെള്ളാർ സ്വദേശി അഖിലിനെയാണ് (27) മരിച്ച നിലയില്‍ കണ്ടെത്തിയത്.കിടപ്പുമുറിയുടെ ഫാനില്‍ ബഡ്ഷീറ്റുപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടര വർഷം മുൻപ് പൊലീസില്‍ പ്രവേശിച്ച അഖില്‍ തിരുവനന്തപുരം എആർ ക്യാമ്പിലായിരുന്നു.
ഇതിനിടയില്‍ വയനാട്ടില്‍ നിന്ന് പഠനത്തിനായി തിരുവനന്തപുരത്ത് എത്തി താമസിക്കുന്ന യുവതിയുമായി അഖില്‍ അടുപ്പത്തിലായിരുന്നതായി പൊലീസ് പറയുന്നു. യുവതി സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുന്ന വാടക വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ മരണ വിവരമറിഞ്ഞ് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പോയി യുവതിയുടെ മൃതദേഹം കണ്ട ശേഷം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ അഖില്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് ക്യാമ്പില്‍ പോകുന്നതായി അറിയിച്ച് പോയ മകൻ ഒരു മണിക്കൂറിനുള്ളില്‍ തിരികെയെത്തിയത് കണ്ട് മാതാവ് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. കാർ വാങ്ങിയതും പോസ്റ്റ് ഓഫിസില്‍ ഉള്ള പണത്തിന്റേതടക്കമുള്ള കണക്കുകള്‍ കാണിച്ച് രാത്രി രണ്ടേകാലോടെ കൂടെയുള്ള സുഹൃത്തിന് വാട്സ് ആപ് സന്ദേശവും അയച്ച ശേഷമായിരുന്നു ആത്മഹത്യ. ഇന്നലെ രാവിലെ കാപ്പി തയ്യാറാക്കിയ ശേഷം മാതാവ് വിളിച്ചെങ്കിലും മുറിയില്‍ നിന്ന് മറുപടിയില്ലായിരുന്നു. തുടർന്ന് ബഡ് റൂമിന്റെ വാതില്‍ തള്ളിത്തുറന്ന്നോക്കിയപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം എആർ ക്യാമ്പിലെ പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)


