ആലപ്പുഴ: യുഡിഎഫ് സ്ഥാനാർത്ഥിയായി ഷാനിമോള്‍ ഉസ്മാനെ പരിഗണിക്കുന്നതിനെതിരെ മണ്ഡലത്തില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘യൂത്ത് കോണ്‍ഗ്രസ്’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഷാനിമോള്‍ ഉസ്മാനെ ‘ദേശാടനപക്ഷി’ എന്ന് വിശേഷിപ്പിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.
അരൂരില്‍ വിയർപ്പൊഴുക്കി പാർട്ടി വളർത്തിയ പ്രാദേശിക നേതാക്കളെ അവഗണിച്ച് തിരഞ്ഞെടുപ്പ് കാലത്ത് മാത്രം മണ്ഡലത്തിലേക്ക് എത്തുന്നവരെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം. “പാര്‍ട്ടി വളര്‍ത്താന്‍ അരൂര്കാരും, ലാഭം കൊയ്യാൻ പറന്നിറങ്ങുന്ന ദേശാടനപക്ഷികളും” എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മണ്ഡലത്തില്‍ സജീവമായി പ്രവർത്തിക്കുന്ന പാരമ്പര്യമുള്ള കോണ്‍ഗ്രസ് പ്രവർത്തകർക്കും യുവാക്കള്‍ക്കും അവസരം നല്‍കണമെന്ന വാദമാണ് പ്രാദേശിക നേതൃത്വം ഉയർത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറച്ചു കാലമായി ഷാനിമോള്‍ ഉസ്മാനും അരൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. മണ്ഡലത്തിലെ ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ ഷാനിമോളുടെ സാന്നിധ്യമില്ലെന്ന പരാതി ഒരു വിഭാഗം പ്രവർത്തകർ നേരത്തെയും ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോള്‍ പരസ്യമായ പോസ്റ്റർ പ്രചാരണം. കഴിവുള്ള പ്രാദേശിക നേതാക്കളെ തഴഞ്ഞ് ഒന്നിലധികം തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നല്‍കുന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഇവർ മുന്നറിയിപ്പ് നല്കുന്നു.


