കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയില്‍ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.ഇന്നലെ കുമ്പളയിലെ പുതുയുഗ യാത്രയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് സുധാകരൻ ഇറങ്ങിപോയത് ചർച്ചയായിരുന്നു. ഇതിന് ശേഷം കാസർകോട്ടെ സ്വീകരണ വേദികളിലൊന്നിലും പങ്കെടുക്കാതിരുന്ന സുധാകരൻ, ഇന്ന് യാത്ര കണ്ണൂരില്‍ പ്രവേശിച്ചിട്ടും പങ്കെടുത്തിട്ടില്ല. വൈകീട്ട് പയ്യന്നൂരില്‍ വച്ച് യാത്ര ജില്ലയില്‍ പ്രവേശിച്ചിരുന്നു.
എന്നാല്‍ ജില്ലയിലെ ഒരു സ്വീകരണകേന്ദ്രത്തിലും കെ സുധാകരൻ ഇതുവരെയും എത്തിയിട്ടില്ല. സ്വന്തം ജില്ലയായ കണ്ണൂരില്‍, പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയില്‍ സുധാകരൻ പങ്കെടുക്കാത്തത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. അതിനിടെ വിശദാകരണവുമായി സുധാകരൻ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാല്‍ പങ്കെടുത്തില്ലെന്നാണ് വിശദീകരണം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ട്ട കേസുമായി ബന്ധപ്പെട്ടാണ് എറണാകുളത്തെത്തിയതെന്നും സുധാകരൻ വിശദീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എം വി ഗോവിന്ദനെതിരെ സതീശന്‍റെ വിമർശനം
42 വര്‍ഷം ജമാഅത്ത് ഇസ്ലാമിയെ ഒപ്പം കൊണ്ടു നടന്ന എം വി ഗോവിന്ദന്‍ മറവിരോഗം നടിക്കുന്നുവെന്ന് ഇന്ന് സതീശൻ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനവും പിന്നീട് ഭൂരിപക്ഷ പ്രീണനവും നടത്തിയ സി.പി.എമ്മിന് ഇപ്പോള്‍ രണ്ടു കൂട്ടരും ഇല്ലാത്ത അവസ്ഥ. ലീഗിന് വര്‍ഗീയത പോരെന്നു പറഞ്ഞ് പിണങ്ങിപ്പോയവരെ കക്ഷത്തില്‍ വച്ചരിക്കുന്നവര്‍ യു.ഡി.എഫിനെ വര്‍ഗീയത പഠിപ്പിക്കാന്‍ വരേണ്ടെന്നും സതീശൻ പറഞ്ഞു.
ഞങ്ങള്‍ നൂറ് സീറ്റില്‍ അധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ ഗോവിന്ദന്‍ മാഷിനെ പോലെ ഒരാള്‍ക്ക് സാധിക്കില്ല. പിണറായി വിജയന്‍ പറഞ്ഞതു പോലെ എം.വി ഗോവിന്ദനും 110 ആക്കാം. 110 എന്നത് തോറ്റു കഴിയുമ്പോള്‍ കണ്ടം വഴി ഓടുന്ന സ്പീഡാണെന്ന് ഒരു ട്രോള്‍ ഇറങ്ങിയിട്ടുണ്ട്. പുതുയുഗ യാത്രയിലൂടെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നാടിന്റെ ഭാവിയെ കുറിച്ചും കേരളത്തിലെ പുത്തന്‍ പദ്ധതികളെ കുറിച്ചുമാണ് പറയുന്നത്. അതിനെ കുറിച്ച് 30 ദിവസം കഴിയുമ്പോള്‍ എം.വി ഗോവിന്ദന് മനസിലാകും. അദ്ദേഹം ഞങ്ങളുടെ യാത്രയെ ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹം നല്‍കുന്ന ഉപദേശം കൂടി ഞങ്ങള്‍ സ്വീകരിക്കാമെന്നും സതീശൻ കൂട്ടിച്ചേർത്തു.


