തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലർമാർക്കൊപ്പം ഡല്‍ഹിയിലേക്ക് പോകാത്തതില്‍ വിശദീകരണവുമായി ശാസ്തമംഗലം വാർഡ് കൗണ്‍സിലറും മുൻ ഐപിഎസ് ഓഫീസറുമായ ആർ ശ്രീലേഖ.ഈ പ്രായത്തില്‍ തനിക്ക് ട്രെയിനില്‍ യാത്ര ചെയ്യാൻ കഴിയില്ല എന്നും ഒരുപാട് പേരുമായി പോകുമ്പോള്‍ പാർട്ടിക്ക് വലിയ ചിലവ് വരുന്നതിനാല്‍ താൻ ഇല്ല എന്ന് അറിയിക്കുകയായിരുന്നുവെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.അനാവശ്യമായി പണം ചിലവാക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും തനിക്ക് മാത്രമായി ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് പണം കളയേണ്ടതില്ലെന്ന് പാർട്ടിയോട് പറഞ്ഞുവെന്നുമാണ് ശ്രീലേഖ വിശദീകരിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
അമ്മയുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാലും മാറിനില്‍ക്കാൻ പ്രയാസമുണ്ട് എന്നും ശ്രീലേഖ വ്യക്തമാക്കി. അമ്മയ്ക്ക് 94 വയസായി. വീട്ടിലെ അസിസ്റ്റന്റ് ലീവിലാണ്. എല്ലാ കാര്യങ്ങളും താൻ നോക്കേണ്ടതുണ്ട്. അതിനാല്‍ അഞ്ച് ദിവസം മാറിനില്‍ക്കുക എന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ശ്രീലേഖ പറഞ്ഞു. തനിക്ക് പാർട്ടിയോട് പ്രതിഷേധമോ അനിഷ്ടമോ ഒന്നുമില്ല എന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരരംഗത്തുണ്ടാകില്ല എന്നും ശ്രീലേഖ പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപി നയത്തെ അനുകൂലിക്കുന്ന ആളാണ് താൻ. നിയമമായിട്ടില്ലെങ്കിലും താത്വകമായി അത് അംഗീകരിക്കുന്ന ആളാണ്. അതിനാല്‍ അഞ്ച് വർഷത്തേക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. തനിക്ക് ചിലവ് വഹിക്കാനുള്ള കഴിവില്ല എന്നും പാർട്ടിയെക്കൊണ്ട് അത് വഹിപ്പിക്കുന്നില്ല എന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അല്പസമയം മുൻപാണ് തലസ്ഥാനത്തെ ബിജെപി കൗണ്‍സിലർമാർ പുറപ്പെട്ടത്. ആർ ശ്രീലേഖ മാറിനിന്നത് പാർട്ടിയുമായുള്ള അസ്വാരസ്യങ്ങള്‍ മൂലമാണ് എന്നായിരുന്നു വിലയിരുത്തല്‍. നേരത്തെ പാർട്ടി വേദികളിലും അല്ലാതെയും ശ്രീലേഖ തന്‍റെ അതൃപ്തി പരസ്യമാക്കിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷൻ മേയറാക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും കൗണ്‍സിലറാകാൻ വേണ്ടിയല്ല എന്നുമുളള ശ്രീലേഖയുടെ തുറന്നുപറച്ചില്‍ ബിജെപിയെ വെട്ടിലാക്കിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സംസ്ഥാന നേതൃത്വം മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തികാണിച്ച ശ്രീലേഖയെ അവസാനനിമിഷം മാറ്റിയാണ് വി വി രാജേഷിനെ പദവിയിലേക്ക് ഉയര്‍ത്തിയത്. കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ലെന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു.
വട്ടിയൂർക്കാവ് എംഎല്‍എ വി കെ പ്രശാന്തുമായുള്ള ഓഫീസ് മുറി വിവാദവും ബിജെപിയെ വെട്ടിലാക്കിയിരുന്നു. പാർട്ടിയോട് ആലോചിക്കാതെയാണ് ശ്രീലേഖ പലകാര്യങ്ങളും ചെയ്യുന്നത് എന്ന വിമർശനം ആ സമയത്ത് ബിജെപിയില്‍ ഉയർന്നിരുന്നു. വിജയിച്ച കൗണ്‍സിലർമാർക്കുള്ള ഗവർണറുടെ ചായ സല്‍ക്കാരത്തിലും ശ്രീലേഖ പങ്കെടുത്തിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തിയപ്പോഴും ശ്രീലേഖ വേദിയില്‍ നിന്ന് മാറിനിന്നിരുന്നു. പ്രധാനമന്ത്രിയെ യാത്രയാക്കാൻ ശ്രീലേഖ എത്തിയിരുന്നില്ല.


