ലോകം ശ്വാസമടക്കിപ്പിടിച്ച് കണ്ടു നിന്നു: ആ ലോകകപ്പ് മത്സരം ; രണ്ട് സൂപ്പർ ഓവർ കണ്ട മത്സരത്തിൽ രണ്ട് തവണയും കണ്ണീരണിഞ്ഞ് അഫ്ഗാൻ 

അഹമ്മദാബാദ്: ക്രിക്കറ്റ് ലോകം ശ്വാസമടക്കിപ്പിടിച്ചു നിന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ മത്സരം ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീണ്ടതോടെ പിറന്നത് പുതിയ ചരിത്രം.ടി20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരം രണ്ട് സൂപ്പർ ഓവറുകളിലേക്ക് നീളുന്നത്. ടി20 ക്രക്കറ്റില്‍ തന്നെ ഇത് മൂന്നാം തവണ മാത്രമാണ് മത്സരം ഇരട്ട സൂപ്പര്‍ ഓവറിലേക്ക് നീളുന്നത്. ഇതില്‍ രണ്ട് തവണയും അഫ്ഗാനിസ്ഥാനായിരുന്നു ഒരു ടീമെന്നത് മറ്റൊരു പ്രത്യേകതയാണ്. 2008-ലാണ് മത്സരങ്ങള്‍ ടൈ ആകുമ്പോള്‍ വിജയിയെ തീരുമാനിക്കാൻ ഐസിസി ‘സൂപ്പർ ഓവർ’ സംവിധാനം കൊണ്ടുവന്നത്. മുൻപുണ്ടായിരുന്ന ‘ബൗള്‍ ഔട്ട്’ രീതിക്ക് പകരമായാണ് ഇത് അവതരിപ്പിച്ചത്.

Advertisements

2024ല്‍ നടന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരത്തിലായിരുന്നു രാജ്യാന്തര ടി20 മത്സരങ്ങളിലെ ആദ്യ ഡബിള്‍ സൂപ്പർ ഓവർ പിറന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും 212 റണ്‍സ് വീതം നേടി. മുകേഷ് കുമാര്‍ എറിഞ്ഞ ആദ്യ സൂപ്പർ ഓവറില്‍ അഫ്ഗാൻ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശർമ്മയുടെ സിക്സറുകളിലൂടെ ഇന്ത്യ മത്സരം വീണ്ടും ടൈ ആക്കി. രണ്ടാം സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 11 റണ്‍സെടുത്തു. 12 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് രവി ബിഷ്ണോയിയുടെ ആദ്യ മൂന്ന് പന്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായതോടെ മത്സരം ഇന്ത്യ ജയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെതർലൻഡ്സ്- നേപ്പാള്‍ മത്സരത്തില്‍ ട്രിപ്പിള്‍ സൂപ്പര്‍ ഓവര്‍

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ടി20 ചരിത്രത്തിലെ രണ്ടാമത്തെ ഡബിള്‍ സൂപ്പര്‍ ഓവര്‍ മത്സരം നടന്നത്. ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച മത്സരമായിരുന്നു ഇത്. ഇവിടെ രണ്ട് സൂപ്പർ ഓവറുകളും കഴിഞ്ഞ് മൂന്നാമതൊരു സൂപ്പർ ഓവർ വേണ്ടി വന്നു വിജയിയെ കണ്ടെത്താൻ. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് നിശ്ചിത ഓവറില്‍ 152 റണ്‍സെടുത്തപ്പോള്‍ നേപ്പാളും 152 റണ്‍സെടുത്തു. ആദ്യ സൂപ്പര്‍ ഓവറില്‍ രണ്ട് ടീമും 19 റണ്‍സ് വീതം നേടി വീണ്ടം ടൈ ആയി. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇരു ടീമും 17 റണ്‍സ് വീതം നേടി വീണ്ടും ടൈ പിടിച്ചു. ഇതോടെയാണ് മൂന്നാം സൂപ്പര്‍ ഓവര്‍ വേണ്ടിവന്നത്. തുടർന്ന് നടന്ന മൂന്നാം സൂപ്പർ ഓവറില്‍ നേപ്പാളിന്‍റെ രണ്ട് വിക്കറ്റും റണ്‍സെടുക്കും മുൻപേ നെതർലൻഡ്സ് വീഴ്ത്തി. ആദ്യ പന്തില്‍ തന്നെ സിക്സർ പറത്തി നെതർലൻഡ്സ് വിജയം ഉറപ്പിച്ചു.

ഐപിഎല്ലിലുമൊണ്ടൊര ഡബിള്‍ സൂപ്പര്‍ ഓവര്‍

രാജ്യാന്തര ക്രിക്കറ്റില്‍ മാത്രമല്ല ഐപിഎല്ലിലും ഡബിള്‍ സൂപ്പര്‍ ഓവര്‍ മത്സരം നടന്നിട്ടുണ്ട്. 2020ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരമാണ് ക്രിക്കറ്റ് ലോകം ആദ്യമായി ഒരു ഇരട്ട സൂപ്പർ ഓവറിന് സാക്ഷ്യം വഹിച്ചത്. ജസ്പ്രീത് ബുമ്രയുടെ തകർപ്പൻ ബൗളിംഗില്‍ പഞ്ചാബിനെ 5 റണ്‍സില്‍ മുംബൈ ഒതുക്കി. എന്നാല്‍ മുഹമ്മദ് ഷമി ആറ് കൃത്യമായ യോർക്കറുകളിലൂടെ മുംബൈയെയും 5 റണ്‍സില്‍ തളച്ചു. രണ്ടാം സൂപ്പർ ഓവറില്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സടിച്ചപ്പോള്‍ 12 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി ക്രിസ് ഗെയ്‌ല്‍ ആദ്യ പന്തില്‍ തന്നെ സിക്സ് പറത്തി.പിന്നാലെ രണ്ട് ബൗണ്ടറികള്‍ കൂടി മായങ്ക് അഗർവാള്‍ നേടിയതോടെ പഞ്ചാബ് വിജയം സ്വന്തമാക്കി.

ദക്ഷിണാഫ്രിക്ക-അഫ്ഗിനിസ്ഥാൻ സൂപ്പര്‍ ഓവര്‍

ദക്ഷിണാഫ്രിക്ക-അഫ്ഗിനിസ്ഥാൻ ലോകകപ്പ് പോരാട്ടത്തില്‍ അഫ്ഗാന് ജയിക്കാൻ 13 റണ്‍സ് വേണമെന്നിരിക്കെ കഗിസോ റബാഡ എറിഞ്ഞ അവസാന ഓവറില്‍ അഫ്ഗാൻ തോല്‍വി സമ്മതിച്ചതായിരുന്നു. ആദ്യ പന്തില്‍ തന്നെ നൂർ അഹമ്മദിനെ മാക്രം പിടികൂടിയതോടെ ദക്ഷിണാഫ്രിക്ക ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ അമ്പയർ ‘നോ ബോള്‍’ വിളിച്ചതോടെ ആവേശം കെട്ടു ലഭിച്ച ലൈഫ്ലൈനില്‍ നൂർ അഹമ്മദ് ഒരു സിക്സർ പറത്തിയതോടെ അഫ്ഗാൻ കളിയിലേക്ക് തിരിച്ചുവന്നു. എന്നാല്‍ അവസാന പന്തില്‍ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ ഫസല്‍ ഹഖ് ഫാറൂഖി റണ്‍ഔട്ടായതോടെ കളി ടൈ ആയി.

ഒന്നാം സൂപ്പർ ഓവർ

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ അസ്മത്തുള്ള ഒമർസായിയുടെ തകർപ്പൻ ബാറ്റിംഗിലൂടെ 17 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി അവസാന പന്തില്‍ ജയിക്കാൻ 7 റണ്‍സ് വേണമായിരുന്നു. ട്രിസ്റ്റൻ സ്റ്റബ്സ് അവസാന പന്തില്‍ സിക്സർ പറത്തിയതോടെ സ്കോറുകള്‍ വീണ്ടും തുല്യമായി (17-17). ഇതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക്.

രണ്ടാം സൂപ്പർ ഓവർ

രണ്ടാം സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലറുടെയും സ്റ്റബ്സിന്‍റെയും സിക്സറുകളുടെ കരുത്തില്‍ 23 റണ്‍സ് അടിച്ചുകൂട്ടി. 24 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാനെ കേശവ് മഹാരാജ് പിടിച്ചുകെട്ടി. റഹ്മാനുള്ള ഗുർബാസ് തുടർച്ചയായി മൂന്ന് സിക്സറുകള്‍ പറത്തി അഫ്ഗാനെ വിജയത്തിനടുത്തെത്തിച്ചു. അവസാന പന്തില്‍ ജയിക്കാൻ 5 റണ്‍സ് വേണമെന്നിരിക്കെ ഗുർബാസിനെ മില്ലറുടെ കൈകളില്‍ എത്തിച്ച്‌ മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്ക് 4 റണ്‍സിന്റെ ചരിത്രവിജയം സമ്മാനിച്ചു.

Hot Topics

Related Articles