ചെന്നൈ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് ടിവികെ നേതൃത്വം. പാർട്ടി അധ്യക്ഷൻ നടൻ വിജയ്ക്ക് മേല്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും അദ്ദേഹം അതിനെ അതിജീവിച്ചുവെന്നുമാണ് ടിവികെ ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് വ്യക്തമാക്കിയത്. ജനനായകൻ സിനിമ വിവാദവും സിബിഐ അന്വേഷണവും വിജയ്ക്ക് മേല്‍ ബിജെപിയുടെ ഭാഗമാകാനുള്ള സമ്മർദ്ദത്തിനായി ഉപയോഗിച്ചു. എങ്കിലും വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞെന്നും അരുണ്‍ രാജ് കൂട്ടിച്ചേർത്തു.
മാമല്ലപുരത്തെ വിജയ്യുടെ പ്രസംഗം ഓർമ്മിപ്പിച്ചായിരുന്നു അരുണ്‍ രാജിൻ്റെ പ്രതികരണം. ആദ്യ സമ്മേളനത്തില്‍ തന്നെ വിജയ് ബിജെപിയെ പ്രത്യയശാസ്ത്ര എതിരാളിയായി വ്യക്തമാക്കിയതാണ്. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ഭരണകക്ഷികളെ എതിരാളികളായി പരസ്യമായി പ്രഖ്യാപിക്കാൻ വലിയ ധൈര്യം വേണം. ബിജെപിക്കെതിരെ അദ്ദേഹം സംസാരിച്ചിട്ടില്ലെന്ന് ആളുകള്‍ പറയുമ്പോള്‍ അത് അംഗീകരിക്കാൻ കഴിയില്ല. മാമല്ലപുരത്ത് വച്ച് വർഗീയ ശക്തികളുമായി സഖ്യമുണ്ടാക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതാണെന്നും അരുണ്‍ രാജ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പ് സഖ്യചർച്ച ഫെബ്രുവരി 22 ന് ആരംഭിക്കുമെന്ന് പറഞ്ഞ ഡിഎംകെ നേതൃത്വം അതിലും വളരെ നേരത്തെ ഡിഎംഡികെയെ ഒപ്പം കൂട്ടിയത് തന്നെ ടിവികെയോടുള്ള ഭയത്തിൻ്റെ തെളിവാണ്. എന്നാല്‍ ഡിഎംഡികെ ഇപ്പോള്‍ തോല്‍ക്കുന്ന പാർട്ടിക്കൊപ്പം ചേർന്ന് പരാജയം ഏറ്രഉവാങ്ങാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, ഇടതുപാർട്ടികള്‍ക്കും പുറമെയാണ് ഡിഎംഡികെയേയും ഡിഎംകെ ഒപ്പമെത്തിച്ചത്. അതേസമയം ബിജെപിയും അണ്ണാ ഡിഎംകെയും പട്ടാളി മക്കള്‍ കക്ഷിയും ചേർന്ന പ്രധാന പ്രതിപക്ഷ മുന്നണിയും വോട്ടുറപ്പിക്കാനുള്ള പോരാട്ടത്തിലാണ്. ടിവികെയുടെ വരവാണ് ഇരുമുന്നണികള്‍ക്കും മുന്നിലെ പ്രധാന വെല്ലുവിളി.


