കൊച്ചി: വൈറ്റിലയിൽ റെയിൽപാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. മൂലവട്ടം ദിവാൻകവല മൂലക്കളത്തിൽ അശ്വതിയുടെ മകൾ സുധാദേവി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായിരുന്ന പൊന്നുരുന്നി സ്വദേശി കെ.വി ഷാജിയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഇയാളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.ചൊവ്വാഴ്ച പുലർച്ചെയാണ് വൈറ്റില ഫ്‌ളൈഓവറിന് താഴെ റെയിൽപാളത്തിന് സമീപത്തായി യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി പോയ അമൃത എക്‌സ്പ്രസ് ട്രെയിനിന്റെ ലോക്കോപൈലറ്റാണ് പാളത്തിന് സമീപത്തായി ഒരു സ്ത്രീ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ഇദ്ദേഹം റെയിൽവേ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് വിവരമറിഞ്ഞ് മരട് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതി മരിച്ചതായി കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽതന്നെ സംഭവം കൊലപാതകമാണെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. ട്രെയിനിൽനിന്ന് വീണതല്ലെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും സമീപത്തായി പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി.മൃതദേഹത്തിന് സമീപത്തുനിന്നായി ഒരു മൊബൈൽഫോൺ പോലീസ് കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ട യുവതിയെയും തിരിച്ചറിഞ്ഞു. കോട്ടയം മൂലവട്ടം ദിവാൻകവല സ്വദേശിനിയാണ് യുവതി. യുവതിയുടെ അമ്മ വീട് മൂലവട്ടം ദിവാൻ കവലയിലായിരുന്നു. ഇവിടെ നിന്നും കടുത്തുരുത്തിയിലേയ്ക്കാണ് ഇവരെ വിവാഹം കഴിച്ചയച്ചത്. യുവതി വിവാഹമോചിതയായിരുന്നുവെന്നാണ് നാട്ടുകാർക്ക് ലഭിക്കുന്ന വിവരം. റേഷൻ കാർഡിലും, ആധാർ കാർഡിലും അടക്കം മൂലവട്ടം അമ്മ വീട്ടിലെ വിലാസമാണ് നൽകിയിരുന്നത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്നു ലഭിച്ച സിം കാർഡിലും ഈ വിലാസമാണ് ഉണ്ടായിരുന്നത്. ഇങ്ങനെയാണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാജിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഷാജിയും യുവതിയും റെയിൽപാളത്തിന് സമീപത്തേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതിയിലെ മുന്‍ ജീവനക്കാരനാണ് പ്രതി. ഇരുവരും സുഹൃത്തുക്കളാണെന്നും പൊലീസ് – പറഞ്ഞു.


