ചിത്രം : മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമ്മപ്പെരുന്നാളിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ശ്ലൈഹിക വാഴ്വ് നൽകുന്നു. സഭയുടെ മെത്രാപ്പോലീത്താമാർ സമീപം.
കോട്ടയം : സഭയുടെ ആരാധനാ പാരമ്പര്യത്തെയും അച്ചടക്കത്തെയും മുറുകെപ്പിടിച്ച ഋഷിവര്യനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പരിശുദ്ധന്റെ 92ാം ഓർമ്മപ്പെരുന്നാൾ ദിനത്തിൽ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മലങ്കര സഭാധ്യക്ഷൻ. ഗുരുവായ പരിശുദ്ധ പരുമല തിരുമേനിയിൽ നിന്ന് ഉൾക്കൊണ്ട കാര്യങ്ങൾ അദ്ദേഹം ജീവിതത്തിൽ പാലിച്ചു. സഭയുടെ സ്വാതന്ത്ര്യത്തിനായി ദാഹിക്കുമ്പോഴും മലങ്കരസഭ ഭിന്നിക്കാതിരിക്കാൻ വിട്ടുവീഴ്ച്ചകൾക്ക് തായാറായ ഇടയനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയെന്നും പരിശുദ്ധ ബാവാ അനുസ്മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാർത്തോമ്മാ ശ്ലീഹായുടെ മക്കൾ രണ്ട് ചേരിയിലാകരുതെന്ന വട്ടശ്ശേരിൽ തിരുമേനിയുടെ നിലപാട് തന്നെയാണ് രാജ്യത്തിന്റെ ഭരണാധികാരികളും ആഗ്രഹിക്കുന്നത്. സഭ ഇക്കാര്യം കേന്ദ്ര – സംസ്ഥാന സർക്കാരുകളെയും അറിയിച്ചിട്ടുള്ളതാണ്. സഭാതർക്കത്തിലെ സുപ്രധാന വിധികളും ഭിന്നിപ്പല്ല മറിച്ച് ഒന്നാകാനുളളതാണ്. പൗരാണിക പാരമ്പര്യമുള്ള ഭാരതീയ സഭയെന്ന വിശേഷണമാണ് രാജ്യം ഭരിക്കുന്ന പാർട്ടി മലങ്കരസഭയ്ക്ക് നൽകിയിട്ടുള്ളത്. അതിനാൽ മലങ്കരസഭയുടെ അസ്ഥിത്വം വിഭജിക്കാനുള്ള ഒരു ശ്രമവും പ്രധാനമന്ത്രിയുൾപ്പെടെ ആരും ആഗ്രഹിക്കില്ല. മലങ്കരസഭയുടെ സ്വത്വവും സത്യവും ഉൾക്കൊള്ളാൻ തയാറായാൽ സഭാ സമാധാനം കേരളത്തിൽ തന്നെ സാധ്യമാകുമെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
പഴയസെമിനാരിയിൽ വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.ജോഷ്വാ മാർ നിക്കോദീമോസ് , സഖറിയാ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. ഡോ.യാക്കോബ് മാർ ഐറേനിയസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്,ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ തേവോദോറോസ് ,ഡോ.തോമസ് മാർ ഈവാനിയോസ്, ഗീവർഗീസ് മാർ പക്കോമിയോസ് എന്നീ മെത്രാപ്പോലീത്താമാർ സംബന്ധിച്ചു. വിശുദ്ധ കുർബാനയെത്തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം,നേർച്ചവിളമ്പ് എന്നിവ നടന്നു. നീണ്ട അഞ്ച് വർഷത്തെ പ്രയത്നത്തിലൂടെ സുറിയാനി സംഗീത രാഗങ്ങൾ ചേർത്ത എക്കാറ ഗീതങ്ങളുടെ പൂർണരൂപം സഭയ്ക്ക് സമർപ്പിച്ച ഫാ.ഡോ.എം.പി ജോർജ് കോർ എപ്പിസ്ക്കോപ്പയെ പരിശുദ്ധ കാതോലിക്കാ ബാവാ ആദരിച്ചു.
ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പഴയസെമിനാരി ഓഡിറ്റോറിയത്തിൽ ചേർന്ന മർത്തമറിയം വനിതാ സമാജത്തിന്റെ വനിതാ സംഗമം യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.ഡോ.ജോമി ജോസ് മുഖ്യപ്രഭാഷണം നടത്തി. ഫാ.ഫിലിപ്പ് തരകൻ, ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ.ജോബിൻ വർഗീസ്, പ്രൊഫ മേരി മാത്യു, ആലീസ് കോശി, വത്സമ്മ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. എക്യൂമെനിക്കൽ ഹാളിൽ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കേന്ദ്ര അസംബ്ലി നടന്നു. പേട്രൺസ് ഡേ പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ഫാ.ബിജു ടി മാത്യു, ഷിബു കെ ഏബ്രഹാം, ഉമ്മൻ ജോൺ എന്നിവർ പ്രസംഗിച്ചു. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നായി നിരവധി വിശ്വാസികൾ ഓർമ്മപ്പെരുന്നാളിൽ സംബന്ധിച്ചു.


