ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനുമായി ടെലഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞു. യുഎഇയില്‍ നടന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി മോദി അപലപിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള നാവിക ഗതാഗതത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലയില്‍ ആശങ്കയ്ക്ക് അയവില്ല. പുലർച്ചെ മൂന്ന് തവണ ദുബായും അബുദാബിയും കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടായി. ഇടയ്ക്ക് ഒരു മണിക്കൂർ യുഎഇ വ്യോമാതിർത്തി അടച്ചിട്ടു. അബൂദബിയിലെ ഷാഹ് ഓയില്‍ ഫീല്‍ഡിലും ഫുജൈറ ഓയില്‍ ഇൻഡസ്ട്രിയല്‍ സോണിലും തീപിടുത്തമുണ്ടായി. അബുദാബി ബനിയാസ് ജനവാസമേഖലയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചുണ്ടായ അപകടത്തില്‍ ഒരു പാകിസ്ഥാൻ സ്വദേശി കൂടി കൊല്ലപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗദിയില്‍ വിവിധയിടങ്ങളിലായി 40 ഡ്രോണുകള്‍ തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു . കിഴക്കൻ പ്രവിശ്യയിലും സെൻട്രല്‍ പ്രവിശ്യയിലെ ഖർജിലുമാണ് പ്രധാനമായും ആക്രമണ ശ്രമങ്ങള്‍ ഉണ്ടായത്. ഖത്തറിലും പുലർച്ചെ ആക്രമണശ്രമം ഉണ്ടായി. കുവൈറ്റില്‍ നിന്ന് ഹിസ്ബുല്ലയുടെ 16 പേരെ പിടികൂടി. യുഎഇയില്‍ ഓണ്‍ലൈൻ ക്ലാസുകള്‍ നീട്ടാൻ തീരുമാനമായി. നഴ്സറി മുതല്‍ യൂണിവേഴ്സിറ്റി തലത്തിലെ വിദ്യാർഥികള്ക്ക്ഏപ്രില് ആദ്യവാരം വരെ ഓണ്‍ലൈൻ ക്ലാസുകളാകും ഉണ്ടാവുക.

