ഗുവാഹത്തി: ഐപിഎല്ലിലെ ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയല്‍സ് നേടിയ വിജയത്തിന് പിന്നില്‍ കൃത്യമായ ഗൃഹപാഠമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നായകൻ റിയാൻ പരാഗ്. പ്രത്യേകിച്ച്, ചെന്നൈയുടെ വലിയ പ്രതീക്ഷയായിരുന്ന സഞ്ജു സാംസണെ വെറും 6 റണ്‍സിന് പുറത്താക്കിയത് മുന്‍കൂട്ടി തയാറാക്കിയ തന്ത്രത്തിന്‍റെ ഭാഗമായിരുന്നുവെന്നും മത്സരശേഷം പരാഗ് പറഞ്ഞു.
സഞ്ജു സാംസണ്‍ നേരിട്ട ആദ്യത്തെ മൂന്ന്-നാല് പന്തുകള്‍ നിരീക്ഷിച്ച ശേഷമാണ് തങ്ങള്‍ ആ തന്ത്രവുമായി മുന്നോട്ട് പോയതെന്ന് പരാഗ് വിശദീകരിച്ചു. സഞ്ജു ഭായിയോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം നേരിടുന്ന ആദ്യ നാലഞ്ച് പന്തുകള്‍ എങ്ങോട്ടാണ് കളിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിച്ചു. അതിനനുസരിച്ച് ഫീല്‍ഡർമാരെ വിന്യസിച്ചു. അദ്ദേഹത്തിന് പ്രിയപ്പെട്ട ഷോട്ടിന് പകരം മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതൊരു ചൂതാട്ടം പോലെയായിരുന്നു, എങ്കിലും അത് ഞങ്ങള്‍ക്ക് ഗുണകരമായി- പരാഗ് പറഞ്ഞു.

