അമേരിക്കയുടെ സമ്മർദം ശക്തം: ജയിലിൽ കഴയുന്ന കുറ്റവാളികളായ തടവുകാരെ മോചിപ്പിക്കാൻ ക്യൂബ 

ഗവാന: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നതിനിടെ 2010 തടവുകാരെ മോചിപ്പിക്കാൻ ക്യൂബയുടെ തീരുമാനം. അമേരിക്കൻ ഭരണകൂടത്തിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് ക്യൂബൻ സർക്കാരിന്റെ തീരുമാനം. അടുത്ത കാലത്തായി ക്യൂബ നടത്തുന്ന ഏറ്റവും വലിയ തടവുപുള്ളി മോചനമാണിത്. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളില്‍പ്പെട്ട് രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം. തടവുകാരുടെ നല്ല പെരുമാറ്റം, ആരോഗ്യസ്ഥിതി, അവർ ചെയ്ത കുറ്റത്തിന്റെ സ്വഭാവം എന്നിവ പരിഗണിച്ചാണ് ഈ പൊതുമാപ്പ് നല്‍കുന്നതെന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാൻമ വിശദമാക്കുന്നത്. മോചിപ്പിക്കപ്പെടുന്നവരില്‍ യുവാക്കള്‍, സ്ത്രീകള്‍, 60 വയസ്സിന് മുകളിലുള്ളവർ, വിദേശികള്‍ എന്നിവർ ഉള്‍പ്പെടുന്നു. എന്നാല്‍ കൊലപാതകം, ലൈംഗിക അതിക്രമം, ഭരണകൂടത്തിനെതിരായ കുറ്റങ്ങള്‍ എന്നിവ ചെയ്തവർക്ക് ഈ ഇളവ് ലഭിക്കില്ല.

Advertisements

ഈ നടപടിയെ ക്യൂബൻ സർക്കാർ വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള ഒരു മാനുഷിക തീരുമാനമായിട്ടാണ് അവതരിപ്പിക്കുന്നത്. എങ്കിലും ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ കാരണങ്ങളുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്ത ശേഷം ക്യൂബയ്ക്കെതിരെ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. മുൻപ് ബൈഡൻ ഭരണകൂടം ക്യൂബയുമായി ഉണ്ടാക്കിയ പല കരാറുകളും ട്രംപ് റദ്ദാക്കിയിരുന്നു. കടുത്ത ഊർജ്ജ പ്രതിസന്ധിയാണ് നിലവില്‍ ക്യൂബ നേരിടുന്നത്. വെനസ്വേലയില്‍ നിന്നുള്ള എണ്ണവരവ് അമേരിക്ക തടഞ്ഞതോടെ രാജ്യം മുഴുവൻ ഇരുട്ടിലാകുന്ന രീതിയിലുള്ള ബ്ലാക്കൗട്ടുകള്‍ പതിവായിരിക്കുകയാണ്. സ്കൂളുകള്‍ അടച്ചിടേണ്ടി വരികയും ഇന്ധനക്ഷാമം കാരണം വിമാന സർവീസുകള്‍ റദ്ദാക്കുകയും ചെയ്തതോടെ ജനജീവിതം സ്തംഭിച്ച നിലയാണ്. ഇതിനിടയിലാണ് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്നും രാജ്യം സാമ്പത്തികമായി തുറന്നുകൊടുക്കണമെന്നും ട്രംപ് നിരന്തരം ആവശ്യപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യൂബയിലെ ജനങ്ങളുടെ അതിജീവനം കണക്കിലെടുത്ത് ഒരു റഷ്യൻ എണ്ണക്കപ്പല്‍ ക്യൂബൻ തീരത്ത് അടുക്കാൻ ട്രംപ് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 1959ലെ വിപ്ലവത്തിന് ശേഷം അമേരിക്ക ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ മൂലം ദശകങ്ങളായി ക്യൂബ വലിയ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും, നിലവിലെ ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ രാജ്യത്തെ കൂടുതല്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. തടവുകാരെ മോചിപ്പിക്കുന്നത് വഴി അമേരിക്കയുടെ കടുത്ത നിലപാടുകളില്‍ നേരിയ അയവുണ്ടാക്കാൻ കഴിയുമെന്നാണ് ക്യൂബൻ ഭരണകൂടം പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles