കാസർകോട്: കാസർകോട്ടെ വനിത ലീഗ് നേതാവിന്റെ ‘മുനാഫിഖ്’ പരാമർശത്തില്‍ സമസ്തക്കുള്ളിലും എതിർപ്പ്. വിശ്വാസിയായ സ്ഥാനാർത്ഥിയെ മുനാഫിഖ് എന്ന് വിളിച്ചത് ഗൗരവതരമാണെന്ന് കുമ്പോല്‍ സെയ്ദ് അലി തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സഭ്യേതര വാക്കുകള്‍ ഒഴിവാക്കണമെന്നും നാടിന്റെ വികസനം പറഞ്ഞ് വോട്ട് തേടണമെന്നും കുമ്പോല്‍ സെയ്ദ് അലി തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഷാനവാസ് പാദൂരിനെയാണ് വനിതാ ലീഗ് ജില്ലാ സെക്രട്ടറി ആയിഷത്ത് ഫർസാന ‘ മുനാഫിഖ് ‘എന്ന് വിളിച്ചത്.
അതേസമയം, എല്‍ഡിഎഫ് സ്ഥാനാർഥിക്കെതിരെ നടത്തിയ മുനാഫിഖ് പരാമർശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ആയിഷത്ത് ഫർസാന പ്രതികരിച്ചു. പ്രസംഗത്തില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ആയിഷത്ത് ഫർസാന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദത്തെ നിയമപരമായി നേരിടും. മുനാഫിഖിൻ്റെ പണിയെടുക്കുന്നവൻ എന്നാണ് പറഞ്ഞത്. അത് കപട മതവിശ്വാസി എന്ന നിലക്കല്ല, വിശ്വാസ വഞ്ചന നടത്തി എന്ന അർത്ഥത്തിലാണ് അത് പറഞ്ഞത്. സ്ഥിരമായി ഈ വാക്ക് ആ അർത്ഥത്തില്‍ ഉപയോഗിക്കാറുണ്ടെന്നും ആയിഷത്ത് ഫർസാന പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഷാനവാസ് പാദൂരിനെതിരായ ‘മുനാഫിഖ് ‘പരാമർശത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് എല്‍ഡിഎഫ്. മുള്ളേരിയയിലെ യുഡിഎഫ് കുടുംബയോഗത്തിലായിരുന്നു കപട വിശ്വാസിയുടെ പണി എടുക്കുന്നവൻ’ എന്ന പരാമർശവുമായി വനിതാ ലീഗ് നേതാവ് പ്രസംഗിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ, പ്രസംഗിച്ച ആയിഷത്ത് ഫർസാന എന്നിവർക്കെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വ്യക്തിഹത്യ നടത്താൻ മനപ്പൂർവ്വമുള്ള പ്രസംഗമാണെന്നാണ് എല്‍ഡിഎഫ് നിലപാട്. നിയമ നടപടി തുടരുന്നതിനൊപ്പം പരാമർശം ചൂണ്ടിക്കാട്ടി യുഡിഎഫിനെതിരെ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെയും ആയിഷത്ത് ഫർസാനക്കെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്.

