മീനച്ചിൽ: മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് സേവനങ്ങൾ തടസ്സപ്പെട്ടതായും നഴ്സിനെ നിയമിക്കുന്നതിൽ പഞ്ചായത്ത് അനാസ്ഥ കാണിക്കുന്നതായും സോഷ്യൽ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. രാഷ്ട്രീയ മുതലെടുപ്പിനായി മനഃപൂർവം വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്ന് ഭരണസമിതി വ്യക്തമാക്കി.
പാലിയേറ്റീവ് പ്രൈമറി നഴ്സ് അടിയന്തിരമായി ശസ്ത്രക്രിയയ്ക്ക് വിധേയയായ സാഹചര്യത്തിൽ, പകരം സംവിധാനം ഒരുക്കണമെന്ന് കാട്ടി മാർച്ച് 17-ന് മെഡിക്കൽ ഓഫീസർ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് മാർച്ച് 19-ന് തന്നെ പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ചേർന്നു. നിലവിൽ ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ നിയമനം സാധ്യമല്ലാത്ത സാഹചര്യത്തിൽ, ഉള്ളനാട് CHC-യുമായി സഹകരിച്ച് പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിയമനത്തിലെ സാങ്കേതികത്വം
കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന നഴ്സിന്റെ കരാർ കാലാവധി കഴിഞ്ഞിരുന്നു. 15 ദിവസത്തെ അവധിക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിക്കുന്നത് പുതിയ നിയമനമായി കണക്കാക്കപ്പെടും. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ ഇപ്പോൾ പുതിയ നിയമനം നടത്താൻ സാധിക്കില്ല. പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറയ്ക്ക് ചട്ടപ്രകാരമുള്ള നിയമനം നടത്തുമെന്നും അധികൃതർ അറിയിച്ചു.
പരാതികൾ ലഭിച്ചിട്ടില്ല
പാലിയേറ്റീവ് സംവിധാനത്തെക്കുറിച്ച് ഇതുവരെ രോഗികളുടെ ഭാഗത്തുനിന്നും പഞ്ചായത്തിലോ, മെഡിക്കൽ ഓഫീസർക്കോ, വാർഡ് മെമ്പർമാർക്കോ യാതൊരു പരാതിയും ലഭിച്ചിട്ടില്ല. നിലവിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന പ്രവർത്തനങ്ങളെ തകർക്കാൻ വ്യക്തിതാൽപ്പര്യങ്ങൾ വെച്ച് ചിലർ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് ഭരണസമിതി കുറ്റപ്പെടുത്തി.
പാലിയേറ്റീവ് സേവനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആവശ്യങ്ങളോ സംശയങ്ങളോ ഉള്ളവർക്ക് മെഡിക്കൽ ഓഫീസറെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നമ്പർ: 9447808442

