തിരുവനന്തപുരം: അന്തിമ കണക്ക് പുറത്തുവന്നാലും സംസ്ഥാനത്ത് പോളിങ് ശതമാനം 80 തൊടില്ലെന്ന് വിലയിരുത്തല്‍. പോസ്റ്റല്‍, ഹോം വോട്ടുകള്‍ ഉള്‍പ്പടുത്തി പുറത്തുവിട്ട കണക്ക് പ്രകാരം 79.63 ശതമാനം പോളിങ്ങാണുള്ളത്.ഇനി ഇതിനോടൊപ്പം ചേർക്കാനുള്ളത് 0.2 ശതമാനം വരുന്ന സർവീസ് വോട്ടുകള്‍ മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
53,934 സർവീസ് വോട്ടുകളാണ് ആകെ സംസ്ഥാനത്തുള്ളത്. പുതിയ ശതമാന കണക്കിനൊപ്പം രാഷ്ട്രീയപാർട്ടികളുടെ പ്രധാന ആവശ്യമായിരുന്ന മണ്ഡലം അടിസ്ഥാനത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ എണ്ണവും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൂത്ത് അടിസ്ഥാനത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ എണ്ണം ലഭിക്കുന്ന ഫോം 17 സി രാഷ്ട്രീയപാർട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നാണ് കമ്മീഷൻ വിശദീകരണം. 2.71 കോടി വോട്ടർമാരില്‍ 2.12 കോടി പേരാണ് പോളിങ് ബൂത്തിലെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്തവർ 78.27 ശതമാനമാണെന്ന് ആണെന്ന് കമ്മീഷൻ പറഞ്ഞു. ഇതിന്റെ മണ്ഡലം തിരിച്ചുള്ള കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഇത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കാണ്. ആകെ വോട്ട് ചെയ്തത് 99,40,379 പുരുഷന്മാരാണ്. ആകെ വോട്ട് ചെയ്ത സ്ത്രീകള്‍ 1,13,03,410. 153 ട്രാൻസ് ജെൻഡർമാർ വോട്ട് ചെയ്തു. ആകെ 2,12,43,942 പേരാണ് വോട്ട് ചെയ്തത്. നിലവിലെ കണക്കുകള്‍ക്കൊപ്പം സർവീസ് വോട്ട് കൂടി ചേർത്താല്‍ മാത്രമേ തെരഞ്ഞെടുപ്പിലെ പോളിങ്ങിന്റെ പൂർണ്ണ ചിത്രം വരൂ.
എല്ലാം സുതാര്യമായാണ് നടന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. ഫോം 17 സി എല്ലാ പോളിങ് ഏജന്റുമാർക്കും നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ ഇന്നലെയാണ് അന്തിമമാക്കിയത്. രാഷ്ട്രീയ പാർട്ടികള്‍ക്ക് ഈ കണക്ക് ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇൻഡെക്‌സ് കാർഡ് പ്രസിദ്ധീകരിക്കും. അതിലാണ് അന്തിമ കണക്കുകളുണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥർ വോട്ട് ചെയ്തു (96.37 ശതമാനം). 53,984 സർവീസ് വോട്ട് പോളിങ് ദിവസം വരെയുണ്ടായി. 96.3% ആണ് മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം. 60,734 ഭിന്ന ശേഷിക്കാർ വോട്ട് ചെയ്തു. 96.7% ഹോം വോട്ടുകള്‍ ചെയ്തു. 32,172 അവശ്യവിഭാഗം ജീവനക്കാരും വോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പരാതിയുള്ളവർക്ക് നിയമപരമായ പരിഹാരം തേടാമെന്നും കമ്മീഷൻ പറഞ്ഞു.

