കോട്ടയം : സംഘപരിവാർ നടപ്പിലാക്കുന്ന ജാതിവിവേചനത്തിൽ അധിഷ്ഠിതമായ ഉന്മൂലന രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ ബാബാ സാഹേബ് അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഡോ. ബി.ആർ. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് വെൽഫെയർ പാർട്ടി കോട്ടയത്ത് സംഘടിപ്പിച്ച ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാമൂഹിക ഘടനയിൽ ജാതീയമായ തട്ടുതിരിവുകൾ സൃഷ്ടിച്ചും ന്യൂനപക്ഷങ്ങളെ ഭീകരവൽക്കരിച്ചും അസമത്വം നിലനിർത്താനാണ് ഹിന്ദുത്വ ഭരണകൂടം ശ്രമിക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥയെ പുനഃസ്ഥാപിക്കാനുള്ള ആർ.എസ്.എസ് അജണ്ടയ്ക്കെതിരെ സാമൂഹ്യനീതിയും സാഹോദര്യവുമാണ് ഭരണഘടനയുടെ മറുപടി.
സ്വാതന്ത്ര്യം, നീതി, സാഹോദര്യം എന്നീ ആശയങ്ങൾ ജാതിവിവേചനത്തിനെതിരെയുള്ള കരുത്തുറ്റ നിലപാടുകളാണ്. എന്നാൽ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ ജാതിവ്യവസ്ഥയെ പൂർവ്വാധികം ശക്തിയോടെ നടപ്പിലാക്കി ഭരണഘടനാപരമായ സാമൂഹിക ക്രമത്തെ അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളം ജാതിരഹിതമാണെന്ന അവകാശവാദങ്ങളെ തിരുത്തുന്നതാണ് സംസ്ഥാനത്ത് തുടർച്ചയായി സംഭവിക്കുന്ന ജാതിക്കൊലകളെന്ന് പാലേരി ചൂണ്ടിക്കാട്ടി. കണ്ണൂർ ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ വിയോഗവും ആദിവാസി യുവാവായ മധുവിന്റെയും വാളയാറിലെ പെൺകുട്ടികളുടെയും കൊലപാതകങ്ങളും കേരളത്തിലെ ശക്തമായ ജാതിവെറിയുടെ നേർചിത്രങ്ങളാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേവലം നിയമ നിർമ്മാണങ്ങൾ കൊണ്ടോ ഭരണകൂട ഇടപെടലുകൾ കൊണ്ടോ മാത്രം സാമൂഹ്യനീതി ഉറപ്പാക്കാൻ കഴിയില്ലെന്ന് ഈ സംഭവങ്ങൾ ബോധ്യപ്പെടുത്തുന്നു.
സാഹോദര്യത്തിൽ അധിഷ്ഠിതമായ ബന്ധങ്ങളും നീതിപൂർവ്വമായ പോരാട്ടങ്ങളും വഴി മാത്രമേ സമത്വസുന്ദരമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ സാധിക്കൂ. വിവേചനങ്ങളെ ഇല്ലാതാക്കാൻ അംബേദ്കർ രൂപപ്പെടുത്തിയ ഭരണഘടനയെ ആർജ്ജവത്തോടെ നടപ്പിലാക്കാൻ ഭരണകൂടം തയ്യാറാകണമെന്നും, അതിനായുള്ള ഓർമ്മപ്പെടുത്തലായിരിക്കണം അംബേദ്കർ ജയന്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

