ദില്ലി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് ചർച്ച കൊടുമ്പിരി കൊണ്ടിരിക്കെ വിവാദം തുടങ്ങിവെച്ച കെ സുധാകരനെ തള്ളാതെ കെസി വേണുഗോപാല്‍. ഇത്തരം ചർച്ചകളില്‍ താൻ അഭിപ്രായം പറയുന്നില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പൊതുജനമധ്യത്തില്‍ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കൂവെന്നും കെസി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ പാർട്ടിക്ക് ഒരു ലീഡർഷിപ്പ് ഉണ്ടെന്നും കെസി പറഞ്ഞു. അതേസമയം, കെസിയെ പ്രശംസിച്ചു കൊണ്ടുള്ള കെ സുധാകരന്റെ പോസ്റ്റിലും കെസി പ്രതികരിച്ചു. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ പരസ്യ പ്രതികരണങ്ങളിലേക്ക് പോകാതെ ഇരിക്കുകയാണ് നല്ലതെന്നും കെസി പ്രതികരിച്ചു. സുധാകരൻ മാത്രമല്ല അഭിപ്രായം പറഞ്ഞത്. സ്മൂത്തായി കാര്യങ്ങള്‍ നടക്കും. പാർട്ടിക്ക് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേതാക്കളുമായി ചർച്ച ഉണ്ടാകും. ഒന്നിച്ചു തീരുമാനം എടുക്കും. ഞാൻ മുൻപേ എന്റെ കാര്യം പറഞ്ഞിട്ടുണ്ട്. ഫലം വരുന്ന വരെ കാത്തിരിക്കുകയാണെന്നും നേതാക്കളെല്ലാം വളരെ ശാന്തരായിരിക്കുകയാണെന്നും കെസി കൂട്ടിച്ചേർത്തു. രാജ്യത്തെ ബാധിക്കുന്ന വലിയ പ്രശ്നം നില്ക്കുമ്പോള് ഇത്തരം ചർച്ചകളില്‍ താൻ തല്പരനല്ലെന്നും ഇത്തരം പൊതു ചർച്ചകള്‍ ഒഴിവാക്കണമെന്നും കെസി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ചർച്ചകള്‍ തള്ളി കെപിസിസി അധ്യക്ഷൻ
കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നും യുഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഏഷ്യാനെറ്റ് ന്യൂസിനോട് തത്സമയം പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്. മുഖ്യമന്ത്രി ചർച്ചകള്‍ തള്ളിയാണ് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. പരസ്യ അഭിപ്രായപ്രകടനം ശരിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അഭിപ്രായങ്ങള്‍ പറയേണ്ടത് പാർട്ടി വേദികളിലാണ്. ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കും. മുതിർന്ന നേതാക്കള്‍ മാതൃക കാണിക്കണം. ചേരി തിരിഞ്ഞുള്ള പോര് നിർത്തണമെന്ന പറഞ്ഞ സണ്ണി ജോസഫ് ഇതല്ല സമയമെന്നും അഭിപ്രായം പറയേണ്ട സമയം ഇതല്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി. കെസിയെ പിന്തുണച്ചുള്ള നീക്കത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പരസ്യ പ്രതികരണം പാടില്ലെന്ന് ദീപ ദാസ് മുൻഷി നിർദേശം നല്കി എന്നും അദ്ദേഹം വെളിപ്പെടുത്തി.

