ന്യൂഡൽഹി: വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ വെള്ളിയാഴ്ച ലോക്സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ്‌വാദി പാർട്ടി എന്നിവയുള്‍പ്പെടെയുള്ള പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ പെരുമാറ്റം ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് അമിത് ഷാ എക്സിലെ പോസ്റ്റില്‍ പറഞ്ഞത്.
സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബില്‍ പരാജയപ്പെട്ടതിന് ശേഷം പ്രതിപക്ഷ പാർട്ടികള്‍ വിജയാരവം മുഴക്കി ആഘോഷിക്കുന്നത് അങ്ങേയറ്റം മോശവും സങ്കല്‍പ്പിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഇന്ന് ലോക്സഭയില്‍ വളരെ വിചിത്രമായ ഒരു രംഗമാണ് കണ്ടത്. നാരി ശക്തി വന്ദൻ അധിനിയത്തിന് ആവശ്യമായ ഭരണഘടനാ ഭേദഗഗതി ബില്‍ പാസാക്കാൻ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും സമാജ്‌വാദി പാർട്ടിയും അനുവദിച്ചില്ല. സ്ത്രീകള്‍ക്ക് 33% സംവരണം നല്‍കുന്ന ബില്‍ തള്ളിക്കളയുകയും അത് ആഘോഷിക്കുകയും വിജയാരവം മുഴക്കുകയും ചെയ്യുന്നത് ശരിക്കും നാണംകെട്ടതും സങ്കല്‍പ്പിക്കാൻ പോലും പറ്റാത്തതുമാണ്,” അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും ചിന്താഗതി സ്ത്രീകളുടെയോ രാജ്യത്തിന്റെയോ താല്‍പ്പര്യത്തിന് അനുകൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇനി രാജ്യത്തെ സ്ത്രീകള്‍ക്ക് അവരുടെ അവകാശമായിരുന്ന ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33% സംവരണം ലഭിക്കില്ല. കോണ്‍ഗ്രസും സഖ്യകക്ഷികളും ഇത് ആദ്യമായിട്ടല്ല, ആവർത്തിച്ച് ചെയ്യുന്നു. അവരുടെ മാനസികാവസ്ഥ സ്ത്രീകളുടെയോ രാജ്യത്തിന്റെയോ താല്‍പ്പര്യത്തിന് ചേർന്നതല്ല,” അദ്ദേഹം പറഞ്ഞു.
വിമർശനം കടുപ്പിച്ചുകൊണ്ട്, 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ഓരോ തിരഞ്ഞെടുപ്പിലും ഓരോ സ്ഥലത്തും പ്രതിപക്ഷത്തിന് “സ്ത്രീകളുടെ രോഷം” നേരിടേണ്ടിവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
“നാരി ശക്തിയോടുള്ള ഈ അപമാനം ഇവിടെ നില്‍ക്കില്ല, അത് ഒരുപാട് ദൂരം സഞ്ചരിക്കും. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, എല്ലാ തലത്തിലും, എല്ലാ തിരഞ്ഞെടുപ്പിലും, എല്ലാ സ്ഥലത്തും പ്രതിപക്ഷത്തിന് ‘സ്ത്രീകളുടെ രോഷം’ നേരിടേണ്ടിവരും,” ഷാ പറഞ്ഞു. രാജ്യത്തെ പകുതിയോളം വരുന്ന ജനസംഖ്യയെ, അതായത് 70 കോടി സ്ത്രീകളെ വഞ്ചിച്ച് അവരുടെ വിശ്വാസം തകർത്ത ശേഷം എങ്ങനെയാണ് ഒരാള്‍ക്ക് വിജയം ആഘോഷിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
“പ്രതിപക്ഷത്തിന്റെ ഈ ആഘോഷം പതിറ്റാണ്ടുകളായി തങ്ങളുടെ അവകാശങ്ങള്‍ക്കായി കാത്തിരിക്കുന്ന ഓരോ സ്ത്രീയെയും അപമാനിക്കുന്നതിന് തുല്യമാണ്. എത്ര തവണ കോണ്‍ഗ്രസും സഖ്യകക്ഷികളും സ്ത്രീകളെ വഞ്ചിക്കും? പലപ്പോഴും, അഹങ്കാരത്തില്‍ നിന്നുണ്ടാകുന്ന വിജയത്തിന്റെ സന്തോഷം യഥാർത്ഥത്തില്‍ മറഞ്ഞിരിക്കുന്ന ഒരു വലിയ പരാജയമാണ്, അത് ചിലർക്ക് മനസ്സിലാക്കാൻ കഴിയില്ല,” അമിത് ഷാ പറഞ്ഞു.

