പാതിരാത്രിയിൽ തനിയെ ഒരു പെൺകുട്ടി റോഡിൽ : ആനവണ്ടി അമ്മ വണ്ടിയായി ! വൈറലായി കുറിപ്പ്

ആലപ്പുഴ: കെഎസ്‌ആർടിസി യാത്രക്കിടെ രാത്രി സ്റ്റോപ്പിലിറങ്ങിയ പെണ്‍കുട്ടിക്ക് കൂട്ടിക്കൊണ്ടു പോകാൻ വീട്ടില്‍ നിന്നും ബന്ധുക്കള്‍ വരുന്നത് വരെ കാവലായി കെഎസ്‌ആർടിസി ബസും യാത്രക്കാരും.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് – പത്തനംതിട്ട റൂട്ടിലോടുന്ന കെഎസ്‌ആർടിസി ബസിലെ യാത്രക്കാരിയായ പെണ്‍കുട്ടിക്ക് വേണ്ടി ബസിലെ ജീവനക്കാരും യാത്രക്കാരും തുണയായത്. ആലപ്പുഴയിലെ എസ്‌എല്‍ പുരം കഴിഞ്ഞ് ആളൊഴിഞ്ഞ പ്രദേശത്ത് വണ്ടിയിറങ്ങിയ പെണ്‍കുട്ടിയുടെ സുരക്ഷക്കായി ബന്ധുക്കളെത്തും വരെ ബസ് കാവല്‍ നില്‍ക്കുകയായിരുന്നു. മാധ്യമപ്രവർത്തകനായ ജുബിൻ ജേക്കബ് ആണ് ആന വണ്ടി സുരക്ഷിത്വത്തിന്‍റെ ‘അമ്മ വണ്ടി’യായി മാറിയത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Advertisements

രാത്രി 12 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി റോഡിലിറങ്ങി നിന്ന് ഫോണ്‍ ചെയ്യുന്നതും പരിസരത്ത് ആരെയും കാണാനില്ലെന്നതും ശ്രദ്ധയില്‍ പെട്ടതോടെ RPK 933 കോഴിക്കോട്- പത്തനംതിട്ട കെഎസ്‌ആർടിസി ബസിലെ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. വീട്ടീന്ന് ആരേലും വന്നിട്ടുണ്ടോ എന്ന് ഡ്രൈവറും കണ്ടക്ടറും പെണ്‍കുട്ടിയോട് ചോദിച്ചു, ഇല്ലെന്ന് കുട്ടി പറഞ്ഞതോടെ എഞ്ചിൻ ഓഫ് ചെയ്ത് ബന്ധുക്കളെത്തിയിട്ടേ പോകുന്നൊള്ളു എന്ന് അറിയിച്ചു. ബസ്സിലിരുന്ന ഒരാള്‍ പോലുമില്ലാതെ എല്ലാവരും ഡ്രൈവറുടെ തീരുമാനത്തിനൊപ്പമായിരുന്നു. ഒടുവില്‍ വീട്ടില്‍ നിന്ന് ആള് വരുന്നുണ്ടെന്ന് അവള്‍ പറഞ്ഞിട്ടും, വഴിത്തലയ്ക്കല്‍ വാഹനത്തിന്റെ വെട്ടം കണ്ടപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്തത്. ഒറ്റയ്ക്ക് പാതിരാത്രിയില്‍ വഴിയിലിറങ്ങി നിന്ന ആ കുട്ടിക്ക് കൂട്ടായി ഒരു വണ്ടി നിറയെ ആളുകള്‍.. ആനവണ്ടി അവള്‍ക്ക് അമ്മവണ്ടിയായി മാറുന്ന കാഴ്ച. കാര്യം രാഷ്ട്രീയമൊക്കെ പറഞ്ഞ് തമ്മില്‍ തല്ലുമെങ്കിലും കൂട്ടത്തിലൊന്നിന് ഒരു ആവശ്യം വന്നാല്‍ ചങ്കും പറിച്ച്‌ കൂടെ നില്‍ക്കും- ജുബിൻ ഫേസ്ബുക്കില്‍ കുറിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഇന്നലെ എറണാകുളത്തു നിന്നും വീട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തത് പത്തനംതിട്ടയ്ക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സിലായിരുന്നു. വൈറ്റില ഹബ്ബില്‍ രാത്രി 9:15നു വരേണ്ട ബസ്സ്‌ എത്തിയപ്പോള്‍ പത്തര കഴിഞ്ഞിരുന്നു. മുമ്പും സമാന അനുഭവം ഉണ്ടായതിനാല്‍ നല്ല ദേഷ്യവും തോന്നി. വണ്ടിയില്‍ കയറി. മുന്നിലെ ഡോറിനു തൊട്ടു പിന്നിലെ സീറ്റായിരുന്നു എന്റേത്. ആലപ്പുഴ, ചങ്ങനാശ്ശേരി വഴിയാണ് പോകുന്നത്. അരൂർ കഴിഞ്ഞതും ഒന്നു മയങ്ങാൻ തുടങ്ങിയപ്പോള്‍ വണ്ടിയില്‍ പാട്ട് മുഴങ്ങി.. അതും ‘ദേവദുന്ദുഭി..’! അതോടെ ഉറക്കം പോയി. പിന്നെ ഏഴു സ്വരങ്ങളും, ശ്രീലതികകളും.. എന്നു വേണ്ട എണ്‍പതുകളിലെ ഹിറ്റുകള്‍ ഓരോന്നായി വന്നപ്പോള്‍ എന്റെ ഉറക്കം എങ്ങോട്ടോ പോയി. ചേർത്തലയും കഴിഞ്ഞ്, എസ്.എല്‍.പുരവും പിന്നിട്ട് കുറെ ചെന്നപ്പോള്‍ മുൻസീറ്റിലിരുന്ന ഒരു പെണ്‍കുട്ടി ഇറങ്ങാൻ എഴുന്നേറ്റു. അപ്പോള്‍ സമയം പന്ത്രണ്ടായിരുന്നു. ആ കുട്ടി ഇറങ്ങാൻ നേരം ഡ്രൈവർ ചോദിച്ചു

”വീട്ടീന്ന് ആരേലും വന്നിട്ടുണ്ടോ..?”

”ഇല്ല.. ഞാൻ വിളിക്കുവാ..”

എന്ന് കുട്ടി.

”ചേർത്തല കഴിഞ്ഞപ്പോ വിളിക്കാൻ മേലാരുന്നോ..?”

എന്ന് കണ്ടക്ടറും ചോദിക്കുന്നു. കുട്ടി റോഡിലിറങ്ങി നിന്ന് ഫോണ്‍ ചെയ്യുകയാണ്. അവിടെ നിന്നും കിഴക്കോട്ടുള്ള വഴിയിലാണ് അവളുടെ വീട്. ഈ സമയം ഡ്രൈവർ ബസ്സ്‌ ഒതുക്കിനിർത്തി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഒന്നുരണ്ട് KSRTC ജീവനക്കാരും മുൻസീറ്റിലുണ്ടായിരുന്നു. അവരും പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്.

”അങ്ങനെയങ്ങ് ഇറക്കിവിട്ടേച്ച്‌ പോകാൻ പറ്റുമോ..? എന്നൊക്കെ അവർ പറയുന്നത് കേള്‍ക്കാം. ബസ്സിലിരുന്ന ഒരാള്‍ പോലുമില്ലാതെ എല്ലാവരും ഡ്രൈവറുടെ തീരുമാനത്തിനൊപ്പമായിരുന്നു. ഒടുവില്‍ വീട്ടില്‍ നിന്ന് ആള് വരുന്നുണ്ടെന്ന് അവള്‍ പറഞ്ഞിട്ടും, വഴിത്തലയ്ക്കല്‍ വാഹനത്തിന്റെ വെട്ടം കണ്ടപ്പോഴാണ് ഡ്രൈവർ വണ്ടിയെടുത്തത്. ഒറ്റയ്ക്ക് പാതിരാത്രിയില്‍ വഴിയിലിറങ്ങി നിന്ന ആ കുട്ടിക്ക് കൂട്ടായി ഒരു വണ്ടി നിറയെ ആളുകള്‍.. ആനവണ്ടി അവള്‍ക്ക് അമ്മവണ്ടിയായി മാറുന്ന കാഴ്ച. കാര്യം രാഷ്ട്രീയമൊക്കെ പറഞ്ഞ് തമ്മില്‍ തല്ലുമെങ്കിലും കൂട്ടത്തിലൊന്നിന് ഒരു ആവശ്യം വന്നാല്‍ ചങ്കും പറിച്ച്‌ കൂടെ നില്‍ക്കും.. മനുഷ്യർ എന്ന നിലയില്‍ ഏറെ വളർന്നുകഴിഞ്ഞ ഒരു നാടിന്റെ കഥയാണിത്.. എന്റെയും നിങ്ങളുടെയും കഥ. നമ്മുടെ ആനവണ്ടിയുടെയും കൂടി കഥ..

സർവ്വീസ് – കോഴിക്കോട് – പത്തനംതിട്ട
ബോണറ്റ് നമ്പർ – RPK 933
ഡ്രൈവർ – അരുണ്‍കുമാർ
കണ്ടക്ടർ – സുനില്‍

Hot Topics

Related Articles