മുടക്കയം : കൂട്ടിക്കൽ നാരകം പുഴയിൽ വയോധികയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. നാരകംപുഴ ചന്തക്കടവിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ലിബിൻ ആണ് പിടിയിലായത്.
ചന്തക്കടവ് ഭാഗത്ത് തനിച്ചു താമസിക്കുന്ന പീടിയേക്കൽ ശാന്തമ്മ കൃഷ്ണൻകുട്ടി (82) യുടെ മാല കവരുന്നതിനിടെയാണ് ലിബിനെ നാട്ടുകാർ പിടികൂടിയത്.ശാന്തമ്മയുടെ വീട്ടിലെത്തിയ മോഷ്ടാവ് വെള്ളം ആവശ്യപ്പെടുകയും വെള്ളം കൊടുത്തപ്പോൾ ഇവരെ തള്ളിയിട്ട് കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് എടുത്ത് ഓടാൻ ശ്രമിക്കുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാന്തമ്മയുടെ നിലവിളി കേട്ട് അടുത്തുള്ള സ്ത്രീകളാണ് ആദ്യം ഓടിയെത്തിയത്. പിന്നീട് മറ്റുള്ള നാട്ടുകാരും ചേർന്ന് അര കിലോമീറ്ററോളം പ്രതിയുടെ പിന്നാലെ ഓടി വില്ലേജ് ഓഫീസിന് സമീപമുള്ള സ്വകാര്യ പുരയിടത്തിൽ വച്ച്ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് മെമ്പർ അയ്യൂഖാന്റെ നേതൃത്വത്തിൽ പോലീസ് വിവരമറിയിക്കുകയും പെരുവന്താനം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളൊടെപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.

