പാലക്കാട്: കൊടും ചുടും ഉയർന്ന താപനിലയും കാരണം പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിർത്തി വെക്കാൻ ജില്ലാ കളക്ടർ നിർദേശ നല്‍കി. ജില്ലയിലെ സ്കൂളുകള്‍, കോളേജുകള്‍ (പ്രൊഫഷണല്‍/ ടെക്നിക്കല്‍ ഉള്‍പ്പെടെ) കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെട്ട വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കല്‍ ക്ലാസുകള്‍ നാളെ (ഏപ്രില്‍ 20) മുതല്‍ ഉടൻ താല്‍ക്കാലികമായി നിർത്തി വെക്കാനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ താപനില: 40.1°C (ഫീല്‍ഡ് ടെംപറേച്ചർ 45°C വരെ) ഉയർന്ന യു വി ഇൻഡക്സ് (7) – ഹീറ്റ് സ്ട്രോക്ക്, ഡീഹൈഡ്രേഷൻ എന്നിവയ്ക്കുള്ള സാധ്യത കാരണമാണ് അറിയിപ്പ്.
ക്ലാസ് മുറികളിലെ മിതമായ താപനില, വെന്റിലേഷൻ സൗകര്യങ്ങളുടെ അഭാവം, വരും ദിവസങ്ങളിലെ താപനില കുറയാനുള്ള സാധ്യത കുറവ് എന്നിവ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും കളക്ടർ വ്യക്തമാക്കി. താപനില 37°C- ലൊ അതില്‍ താഴെയൊ രണ്ട് തുടർച്ചയായ ദിവസങ്ങള്‍ രേഖപ്പെടുത്തിയാല്‍ മാത്രമെ ഉത്തരവ് പിൻവലിക്കപ്പെടുകയുള്ളുവെന്നും ഉത്തരവില്‍ പറയുന്നു. വിദ്യഭ്യാസ സ്ഥാപനങ്ങള്‍ 24 മണിക്കൂറിനകം ഓണ്‍ലൈൻ ക്ലാസുകള്‍ ആരംഭിക്കാനും നിർദ്ദേശമുണ്ട്. ബോർഡുകള്‍ അംഗീകരിച്ച പ്ലാറ്റ്ഫോമുകളിലൂടെ ക്ലാസുകള്‍, പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക്ക് പ്രവർത്തനങ്ങള്‍ നടത്താവുന്നതാണ്. ഓണ്‍ലൈൻ ഉപാധികളിലൂടെ മാത്രം ക്ലാസുകളുടെ തുടർച്ചയും ഹാജർ നിലയും നിലനിർത്തണമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ ഉയർന്ന താപനില മുന്നറിയിപ്പ്
കേരളത്തില്‍ ഉയർന്ന താപനില പാലക്കാട് ജില്ലയില്‍ 40°C വരെയും; കൊല്ലം ജില്ലയില്‍ 39 °C വരെയും; കോട്ടയം ജില്ലയില്‍ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും; തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാൻ (സാധാരണയെക്കാള്‍ 3 to 4˚C വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ നാളെയും (20/04/2026) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

