ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെ അസമില്‍ നീക്കങ്ങളാരംഭിച്ച് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് നിരീക്ഷകരായ ഡികെ ശിവകുമാറും ഭൂപേഷ് ഭാഗേലും ജിതേന്ദ്ര സിങ്ങും സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് നടന്ന വാർത്താസമ്മേളനത്തില്‍ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗൗരഗ് ഗൊഗോയ് പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ അദ്ദേഹം, ബിജെപിക്ക് സഹായമാകുന്ന അന്തരീക്ഷം ഒരുക്കാനാണ് ഇതുവഴി ശ്രമിക്കുന്നതെന്നും പറഞ്ഞു.
അസമിലെ ജനങ്ങളും കർഷകരും യുവാക്കളും സ്ത്രീകളും പുതിയ സർക്കാർ രൂപീകരിക്കാനാണ് വോട്ട് ചെയ്തതെന്ന് ഗൗരഗ് ഗൊഗോയ് പറഞ്ഞു. ഫലം മെയ് നാലിന് വരും. സ്ട്രോങ് റൂമുകളില്‍ തങ്ങളുടെ കണ്ണുണ്ടാകും. വോട്ടെണ്ണല്‍ ദിനത്തിലേക്കുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. തങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. അസമില്‍ എക്സിറ്റ് പോളുകളിലൂടെ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ആ കെണിയില്‍ വീഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അസമിലെ തങ്ങളുടെ ടീം ശക്തമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി കൂടിയായ ഡികെ ശിവകുമാറും പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ ശിവകുമാർ, തോല്‍വി ഉറപ്പിച്ചതിനാല്‍ ചില ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിനെ സമീപിച്ചതായും അവകാശപ്പെട്ടു. ബിജെപി നേതൃത്വം നല്കുന്ന എൻഡിഎ മൂന്നാം തവണയും അധികാരത്തിലേറുമെന്ന എക്സിറ്റ് പ്രവചനങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് നേതൃത്വം സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. റായ്ജോർ ദള്‍, അസം ജാതിയ പരിഷത് (എജെപി), സിപിഐഎം, എപിഎച്ച്എല്‍സി, സിപിഐ (എംഎല്) എന്നീ പാർട്ടികളാണ് കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഉള്ളത്.
സംസ്ഥാനത്തെ 126 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എൻഡിഎ 80 മുതല്‍ 101 സീറ്റുകള്‍ വരെ നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ, ജെവിസി, മട്രിസ് എന്നീ ഏജൻസികളുടെ പ്രവചനം. കോണ്‍ഗ്രസ് സഖ്യത്തിന് 20നും 36നും ഇടയില്‍ സീറ്റുകളാണ് അവർ നല്‍കുന്നത്. അതേസമയം മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.

