ഫോട്ടോ : കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ തൊടുപുഴയില്‍ എത്തിച്ചേര്‍ന്ന പാര്‍ട്ടി എംഎല്‍എ മാരായ അഡ്വ. മോന്‍സ് ജോസഫ്, അപു ജോണ്‍ ജോസഫ്, അഡ്വ. തോമസ് ഉണ്ണിയാടന്‍, റെജി ചെറിയാന്‍, ഷിബുതെക്കുംപുറം, അഡ്വ. വര്‍ഗ്ഗീസ് മാമന്‍, വിനു ജോബ് എന്നിവരെ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം എല്‍ എ യുടെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചപ്പോള്‍
കോട്ടയം: കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായ അഡ്വ.മോന്‍സ് ജോസഫ് (കടുത്തുരുത്തി) തെരഞ്ഞെടുക്കപ്പെട്ടു .ഇപ്രാവശ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന കേരള കോൺഗ്രസ് പാർട്ടിയിലെ ഏഴ് എംഎൽഎമാരുടെ യോഗം പാർട്ടി ചെയർമാൻ ശ്രീ പി ജെ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ തൊടുപുഴ പുറപ്പുഴയിലെ വസതിയിൽ യോഗം ചേർന്നാണ് പുതിയ നിയമസഭാ കക്ഷി ഭാരവാഹികളെ തിരഞ്ഞെടുത്തത്.
നിയമസഭാ കക്ഷിയുടെ ഡെപ്യൂട്ടി ലീഡറായി അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ ( ഇരിങ്ങാലക്കുട) പാർട്ടി വിപ്പു സ്ഥാനത്തേക്ക് അപു ജോൺ ജോസഫ് എംഎൽഎ (തൊടുപുഴ), സെക്രട്ടറിയായി ഷിബു തെക്കുംപുറം എംഎൽഎ (കോതമംഗലം) ട്രഷറർ സ്ഥാനത്തേക്ക് റെജി ചെറിയാൻ എംഎൽഎ (കുട്ടനാട്) എന്നിവരെയും തെരഞ്ഞെടുത്തു പാർട്ടിയുടെ എംഎൽഎമാരായ അഡ്വ.വർഗീസ് മാമൻ (തിരുവല്ല) വിനു ജോബ് എംഎൽഎ (ചങ്ങനാശ്ശേരി) എന്നിവർ പുതിയ ഭാരവാഹികളെ അനുമോദിച്ചു സംസാരിച്ചു.
കേരള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.മോന്‍സ് ജോസഫ് എംഎൽഎ 1996 മുതൽ കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ നിന്നും വിജയിച്ചുവരുന്ന ജനപ്രതിനിധിയാണ്. 1996, 2006, 2011, 2016 ,2021, 2026 എന്നീ വർഷങ്ങളിലായി ആറാമത്തെ ടേമിലാണ് കേരള കോൺഗ്രസ് എംഎൽഎയായി കടുത്തുരുത്തിയിൽ നിന്നും വിജയിച്ചു വന്നിട്ടുള്ളത്. കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചിരുന്നു.
കേരളാ കോൺഗ്രസ് പാർട്ടിയുടെ യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളായ കെ.എസ് സിയുടെയും , യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ച ശേഷം കേരളാ കോൺഗ്രസ് പാർട്ടിയുടെ വിവിധ തലങ്ങളിൽ ഭാരവാഹിത്വം വഹിക്കുകയുണ്ടായി. ഇപ്പോൾ പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ ആയി പ്രവർത്തിച്ചു വരുന്നു.നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളാ കോൺഗ്രസ് പാർട്ടിയുടെ ഭരണ പങ്കാളിത്തം ഉൾപ്പടെയുള്ള ആവശ്യങ്ങൾ യു.ഡി.എഫ് നേതൃത്വത്തിൽ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിനെ നിയമസഭാ കക്ഷി യോഗം ചുമതലപ്പെടുത്തി.

