കോട്ടയം: മൂലവട്ടത്ത് വീടിനുള്ളിലെ ഗ്യാസ് സ്റ്റൗവ്വിന്റെയും സിലിണ്ടറിന്റെയും തകരാർ പരിഹരിക്കുന്നതിനിടെ സിലിണ്ടർ ലീക്കായി റെഗുലേറ്റർ പൊങ്ങിത്തെറിച്ച് മുഖത്തിടിച്ച് ഗ്യാസ് ഏജൻസി ജീവനക്കാരന് പരിക്ക്. ഗ്യാസ് ഏജൻസി ജീവനക്കാരനായ മൂലവട്ടം സ്വദേശി സൂരജിനാണ് പരിക്കേറ്റത്. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ ലീക്കായി പാചക വാതകം പുറത്തേയ്ക്ക് പടർന്നെങ്കിലും പ്രദേശവാസികളായ യുവാക്കളുടെ കൃത്യമായ ഇടപടെലിനെ തുടർന്ന് തീ നിയന്ത്രിക്കാൻ സാധിച്ചു.
ഇന്നു വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. മൂലവട്ടം കരോട്ട് പുത്തൻപറമ്പിൽ ദർശന്റെ വീട്ടിലാണ് സംഭവം ഉണ്ടായത്. വീട്ടിലെ ഗ്യാസ് അടുപ്പും സിലിണ്ടറും രണ്ടാഴ്ചയിലേറെയായി പ്രവർത്തിച്ചിരുന്നില്ല. ഇതേ തുടർന്ന് ഈ തകരാർ പരിശോധിക്കുന്നതിനായാണ് ഗ്യാസ് ഏജൻസി ജീവനക്കാരനായ സൂരജ് വീട്ടിൽ എത്തിയത്. തുടർന്ന് സൂരജ് ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്തു. ഈ സമയം അടുപ്പിൽ നിന്നുള്ള പ്രഷർ പുറത്തേയ്ക്ക് തെറിച്ച് സൂരജിന്റെ മുഖത്തിടിയ്ക്കുകയായിരുന്നു. ഇതിനിടെ സിലിണ്ടറിനുള്ളിൽ നിന്നും ഗ്യാസ് പുറത്തേയ്ക്ക് തെറിച്ച് തീ ഉയരുകയും ചെയ്തു. ഈ സമയം പ്രദേശവാസികളായ യുവാക്കൾ വീട്ടിൽ ഓടിയെത്തി നനഞ്ഞ ചാക്ക് ഉപയോഗിച്ച് ഗ്യാസ് സിലിണ്ടർ മൂടിവച്ചു. ഇതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഈ സമയം കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി. ഗ്യാസ് സിലിണ്ടർ പുറത്തേയ്ക്ക് മാറ്റി.

